കോവിഡ് മാനദണ്ഡം ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം; ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് 

കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ കേസ്
വീട് കയറിയുള്ള കോണ്‍ഗ്രസ് പ്രചാരണത്തില്‍ പങ്കെടുക്കുന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി, എഎന്‍ഐ
വീട് കയറിയുള്ള കോണ്‍ഗ്രസ് പ്രചാരണത്തില്‍ പങ്കെടുക്കുന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി, എഎന്‍ഐ

ലക്‌നൗ: കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ കേസ്. കോവിഡ് മാനദണ്ഡം ലംഘിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്ന് ആരോപിച്ചാണ് ഭൂപേഷ് ബാഗേലിനെതിരെ യുപി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നോയിഡയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനാണ് ഭൂപേഷ് ബാഗേല്‍ യുപിയില്‍ എത്തിയത്.

ജില്ലാ ഇലക്ഷന്‍ ഓഫീസറിന്റെ പരാതിയിലാണ് ഭൂപേഷ് ബാഗേലിനെതിരെയും മറ്റു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചോ അഞ്ചിലധികമോ ആളുകള്‍ കൂട്ടംകൂടരുത് എന്ന ഉത്തരവ് ഭൂപേഷ് ബാഗേല്‍ ലംഘിച്ചു എന്നതാണ് കേസ്. വീടുകള്‍ കയറിയുള്ള
പ്രചാരണത്തില്‍ അഞ്ചില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരിക്കുന്നത്. അടുത്തമാസമാണ് വിവിധ ഘട്ടങ്ങളായുള്ള ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. 

വെള്ള മാസ്‌ക് ധരിച്ച് നോയിഡയിലെ സ്ഥാനാര്‍ഥിക്ക് വേണ്ടി ബാഗേല്‍ പ്രചാരണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തെരുവില്‍ നിരവധി ആളുകള്‍ക്കൊപ്പമായിരുന്നു ബാഗേലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com