മുറി വാടക കൃത്യമായി തരാന്‍ സാധിക്കുമെന്ന് വിശ്വസിപ്പിച്ചു, ഫോണ്‍ വാങ്ങി ആപ്പ് ഡൗണ്‍ലോഡ് ചെയ്തു; തട്ടിപ്പിനിരയായി ബിസിനസുകാരന്‍, 28കാരന്‍ പിടിയില്‍

ലോണ്‍ ആപ്പ് ദുരുപയോഗം ചെയ്ത് ബിസിനസുകാരന്റെ 49000 രൂപ തട്ടിയെടുത്ത കേസില്‍ 28കാരന്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: ദുരുപയോഗം ചെയ്ത് ബിസിനസുകാരന്റെ 49000 രൂപ തട്ടിയെടുത്ത കേസില്‍ 28കാരന്‍ അറസ്റ്റില്‍. മൊബൈല്‍ ഫോണില്‍ ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്.

സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ പ്രദീപാണ് അറസ്റ്റിലായത്. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബിസിനസുകാരന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് രീതി പുറത്തുവന്നത്. തന്റെ രേഖകളും മൊബൈല്‍ ഫോണും ദുരുപയോഗം ചെയ്ത് 28കാരന്‍ 40,000 രൂപയുടെ വായ്പ എടുത്തതായി പരാതിയില്‍ പറയുന്നു. തന്റെ അക്കൗണ്ടില്‍ നിന്ന് 9000 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറിയതായി കണ്ടെത്തിയതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഒക്ടോബറിലാണ് 28കാരന്‍ ബിസിനസുകാരനെ സമീപിച്ചത്. ഓണ്‍ലൈന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു എന്ന് സ്വയം പരിചയപ്പെടുത്തിയാണ് യുവാവ് തന്നെ വന്നു കണ്ടതെന്ന് ബിസിനസുകാരന്‍ പറയുന്നു. തന്റെ ചരക്ക് സൂക്ഷിക്കാന്‍ ഒരു സ്ഥലം വാടയ്ക്ക് തരണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് വന്നത്. തന്റെ ഓഫീസിന് അരികിലുള്ള സ്ഥലം വെറുതെ കിടക്കുന്നതിനാല്‍ വാടകയ്ക്ക് തരാമെന്ന് ബിസിനസുകാരന്‍ ഏറ്റു. 

ആദ്യഘട്ട ചര്‍ച്ചയില്‍ തന്റെ രേഖകള്‍ യുവാവ് ആവശ്യപ്പെട്ടതായി ബിസിനസുകാരന്‍ പരാതിയില്‍ പറയുന്നു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് വാടക കൃത്യമായി മാസംതോറും അടയ്ക്കാനുള്ള സൗകര്യത്തിന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ തന്നോട് ഫോണ്‍ തരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഫോണ്‍ നല്‍കിയ തന്നെ തട്ടിപ്പിന് ഇരയാക്കുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.  അടുത്ത ദിവസം ചരക്കുമായി വരാമെന്ന് പറഞ്ഞാണ് യുവാവ് പോയത്. 

ഡിസംബറില്‍ വായ്പയുടെ മാസംതോറുമുള്ള തവണ അടയ്ക്കാന്‍ ആവശ്യപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് തനിക്ക് സന്ദേശം ലഭിച്ചു. ഇത് കണ്ട് ഞെട്ടിയ താന്‍ യുവാവ് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് മനസിലാക്കി പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് ബിസിനസുകാരന്റെ പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com