ആയുര്‍ദൈര്‍ഘ്യത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെ കടത്തിവെട്ടും; ഇന്ത്യക്കാരുടെ ശരാശരി ആയുസ് വര്‍ധിച്ചതായി സാമ്പത്തിക സര്‍വ്വേ

ഇന്ത്യയില്‍ ഭാവിയില്‍ പുരുഷന്മാരേക്കാള്‍ ആയുര്‍ദൈര്‍ഘ്യം സ്ത്രീകള്‍ക്കായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക സര്‍വ്വേ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭാവിയില്‍ പുരുഷന്മാരേക്കാള്‍ ആയുര്‍ദൈര്‍ഘ്യം സ്ത്രീകള്‍ക്കായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക സര്‍വ്വേ. സ്ത്രീകള്‍ ശരാശരി 70.7 വര്‍ഷം വരെ ജീവിച്ചിരിക്കാം. പുരുഷന്മാരുടെ ശരാശരി ആയുസ് 68.2 വയസ് ആകാമെന്നും സാമ്പത്തിക സര്‍വ്വേ അനുമാനിക്കുന്നു.

2013-17 കാലഘട്ടത്തെ അപേക്ഷിച്ച് 2014- 18 വര്‍ഷങ്ങളില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്ത്രീകളാണ് കൂടുതല്‍ വര്‍ഷം ജീവിക്കുന്നതായി കണ്ടത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഇതില്‍ വ്യത്യാസമില്ല. ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ മാത്രമാണ് ഇതിന് അപവാദം. ഇക്കാലയളവില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2013-17 കാലയളവില്‍ 69 വയസായിരുന്നു ശരാശരി ആയുര്‍ദൈര്‍ഘ്യം. 2014-18ല്‍ ഇത് 69.4 വയസായി ഉയര്‍ന്നതായി സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനടിസ്ഥാനത്തില്‍ ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. കേരളത്തിലും ഡല്‍ഹിയിലുമാണ് ഏറ്റവുമധികം ആയുര്‍ദൈര്‍ഘ്യം. രണ്ടിടത്തും 75ന് മുകളിലാണ് ശരാശരി ആയുസ്. ഛത്തീസ്ഗഡിലാണ് ഏറ്റവും കുറവ്. 65.2 വയസാണ് അവിടത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം. രാജ്യത്ത് ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. 72.6 വര്‍ഷമാണ് നഗരങ്ങളിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം. ഗ്രാമങ്ങളില്‍ ഇത് 68 ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com