'വിദേശ പണം സ്വീകരിക്കാനുള്ള സംവിധാനം പോലുമില്ല'; ആരോപണങ്ങള്‍ നിഷേധിച്ച് ആള്‍ട്ട് ന്യൂസ്

ഇന്ത്യയില്‍ അക്കൗണ്ടുള്ളവരില്‍ നിന്നും മാത്രമാണ് പണം സ്വീകരിക്കുന്നതെന്നും ആള്‍ട്ട് ന്യൂസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
മുഹമ്മദ് സുബൈര്‍, ട്വിറ്റര്‍
മുഹമ്മദ് സുബൈര്‍, ട്വിറ്റര്‍

ന്യൂഡല്‍ഹി: വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട്  ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ആള്‍ട്ട് ന്യൂസ്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ സ്ഥാപകന്‍ മുഹമ്മദ് സുബൈറിന് എതിരെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് എതിരായ എഫ്‌സിആര്‍എ നിയമം ചുമത്തിയതിന് പിന്നാലെയാണ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ആള്‍ട്ട് ന്യൂസ് രംഗത്തുവന്നിരിക്കുന്നത്. 

തങ്ങള്‍ വിദേശത്തുനിന്ന് ഫണ്ട് കൈപ്പറ്റുന്നില്ലെന്നും ഇന്ത്യയില്‍ അക്കൗണ്ടുള്ളവരില്‍ നിന്നും മാത്രമാണ് പണം സ്വീകരിക്കുന്നതെന്നും ആള്‍ട്ട് ന്യൂസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ആള്‍ട്ട് ന്യൂസിന്റെ മാതൃസ്ഥാപനം പ്രവദ മീഡിയ ഫൗണ്ടേഷന്‍ പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്നുണ്ട് എന്നായിരുന്നു ഡല്‍ഹി പൊലീസ് എഫ്‌ഐആറില്‍ പറഞ്ഞത്. സിറിയ, ബഹ്‌റൈന്‍, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും സ്ഥാപനത്തിലേക്ക് പണം എത്തുന്നതായും എഫ്‌ഐആറില്‍ പറഞ്ഞിരുന്നു. 

'ഈ ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണ്. ഞങ്ങളുടെ സ്ഥാപനം വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നില്ല. ഫണ്ട് സ്വീകരിക്കാനായി ഉപയോഗിക്കുന്ന പ്ലാറ്റ് ഫോം ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വരുന്ന പണം മാത്രമാണ് സ്വീകരിക്കാന്‍ അനുവദിക്കുന്നത്, വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുവദിക്കുന്നതല്ല. ഇങ്ങനെ ശേഖരിക്കുന്ന പണം സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോകുന്നത്. സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ വ്യക്തിപരമായി പണം സ്വീകരിക്കുന്നു എന്ന ആരോപണവും നുണയാണ്. സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാസ വരുമാനമാണ് നല്‍കുന്നത്'-ആള്‍ട്ട് ന്യൂസ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

തങ്ങള്‍ സാമ്പത്തിക സഹായം സ്വീകരിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ് എന്നും ആള്‍ട്ട് ന്യൂസ് വ്യക്തമാക്കി. പെയ്‌മെന്റ് പ്ലാറ്റ്‌ഫോം തങ്ങളുടെ അക്കൗണ്ട് പിന്‍വലിച്ചിരിക്കുകയാണ് എന്നും ആള്‍ട്ട് ന്യൂസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com