ലീന മണിമേഖലയുടെ വിവാദ പോസ്റ്റര്‍ ട്വിറ്റര്‍ നീക്കി; സിനിമ പ്രദർശിപ്പിക്കില്ല; വധഭീഷണി മുഴക്കിയ തീവ്ര വലതു സംഘടനാ നേതാവ് അറസ്റ്റില്‍

ലീന മണിമേഖലയുടെ തലവെട്ടുമെന്ന ഭീഷണയുമായി മതപ്രഭാഷകനായ രാജുദാസ് മകാന്ത് രംഗത്തെത്തി
ലീന മണിമേഖല/ ഫയല്‍
ലീന മണിമേഖല/ ഫയല്‍

ന്യൂഡല്‍ഹി: പ്രമുഖ സംവിധായിക ലീന മണിമേഖലയുടെ പുതിയ ഡോക്യുമെന്ററി കാളിയുടെ വിവാദ പോസ്റ്റര്‍ ട്വിറ്റര്‍ നീക്കി. കേന്ദ്രസർക്കാരിന്റെ നിർദേശം അനുസരിച്ചാണു ട്വീറ്റും പോസ്റ്ററും നീക്കം ചെയ്തത്. കാളീദേവിയുടെ വേഷമിട്ട സ്ത്രീ പുകവലിക്കുന്നതും എൽജിബിടിക്യുഐ പതാക പിടിച്ചിരിക്കുന്നതുമായുള്ള പോസ്റ്റർ വിവാദമായത്. ഐടി ചട്ടം അനുസരിച്ചു നൽകിയ ഉത്തരവുകൾ പാലിക്കണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രസർക്കാരിന്റെ അന്ത്യശാസനത്തിനെതിരെ ട്വിറ്റർ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

അതിനിടെ, സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച കാനഡയിലെ ആഗാ ഖാൻ മ്യൂസിയം അധികൃതർ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കില്ലെന്ന് അറിയിച്ചു. ടൊറന്റോയില്‍ താമസിക്കുന്ന തമിഴ്നാട്ടുകാരിയായ ലീന ആഗാഖാന്‍ മ്യൂസിയത്തില്‍ നടക്കുന്ന റിഥം ഓഫ് കാനഡ മേളയ്ക്കുവേണ്ടിയാണ് ഡോക്യുമെന്ററിയെടുത്തത്. വിവാദ പോസ്റ്റര്‍ നീക്കണമെന്ന് സംഘാടകരോടും കനേഡിയന്‍ അധികൃതരോടും കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു.

വിവാദ പോസ്റ്റർ പ്രസിദ്ധീകരിച്ചതിന് പിന്നാലെ മതവികാരം വ്രണപ്പെട്ടു എന്നു ചൂണ്ടിക്കാട്ടി ഡൽഹിയിലും ഉത്തർപ്രദേശിലും ലീന മണിമേഖലയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാളീ പോസ്റ്റർ ട്വിറ്റർ നീക്കിയതിന് പിന്നാലെ പുതിയ ചിത്രം ലീന മണിമേഖല സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പരമശിവന്റെയും പാർവതിയുടേയും വേഷം ധരിച്ച സ്ത്രീയും പുരുഷനും പുക വലിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. 

ലീന മണിമേഖലയുടെ തലവെട്ടുമെന്ന ഭീഷണയുമായി മതപ്രഭാഷകനായ രാജുദാസ് മകാന്ത് രംഗത്തെത്തിയിട്ടുണ്ട്. ലീനക്കെതിരെ വധഭീഷണി മുഴക്കിയ വലതുപക്ഷ സംഘടനാ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ 'ശക്തി സേന ഹിന്ദു മക്കള്‍ ഇയക്കം' എന്ന സംഘടനയുടെ സ്ഥാപക സരസ്വതിയാണ് അറസ്റ്റിലായത്. ലീനയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com