'കാളിയുടെ അനുഗ്രഹം ഇന്ത്യയ്‌ക്കൊപ്പമുണ്ട്; വിശ്വാസം ശുദ്ധമാണെങ്കില്‍ ദേവി തന്നെ വഴി കാണിക്കും': നരേന്ദ്ര മോദി

രാമകൃഷ്ണ മിഷന്‍ സംഘടിപ്പിച്ച സ്വാമി ആത്മസ്ഥാനന്ദ ശതാബ്ദി ആഘോഷങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രധാനമന്ത്രി നരേന്ദ്രമോദി/ ഫയല്‍
പ്രധാനമന്ത്രി നരേന്ദ്രമോദി/ ഫയല്‍

കൊല്‍ക്കത്ത: ലോക ക്ഷേമത്തിനായി ആത്മീയ ഊര്‍ജവുമായി മുന്നേറുന്ന ഇന്ത്യയുടെ കൂടെ കാളി ദേവിയുടെ അനുഗ്രഹം എപ്പോഴുമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ മിഷന്‍ സംഘടിപ്പിച്ച സ്വാമി ആത്മസ്ഥാനന്ദ ശതാബ്ദി ആഘോഷങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാൡദേവിയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് എതിരെ കേസെടുത്തതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. 

'സ്വാമി രാമകൃഷ്ണ പരമഹംസന്‍ തന്റെ എല്ലാം കാളി ദേവിയ്ക്ക് വേണ്ടി മാറ്റിവച്ചയാളാണ്. ഈ ലോകം മുഴുവന്‍ ദേവിയുടെ സാന്നിധ്യം നിറഞ്ഞു നില്‍ക്കുന്നതായി അദ്ദേഹം വിശ്വസിച്ചിരുന്നു.'-മോദി പറഞ്ഞു. 

അവസരം കിട്ടുമ്പോഴെല്ലാം താന്‍ ദക്ഷിണേശ്വര്‍ കാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ട്. ദേവിയുമായി അടുപ്പം തോന്നുന്നത് സ്വാഭാവികമാണ്. നിങ്ങളുടെ വിശ്വാസം ശുദ്ധമാണെങ്കില്‍ ദേവി തന്നെ നിങ്ങള്‍ക്ക് വഴി കാണിക്കും'-മോദി പറഞ്ഞു. 

കാളിയുടെ അനന്തമായ അനുഗ്രഹങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ട്. ലോകക്ഷേമത്തിനായി ഈ ആത്മീയ ഊര്‍ജവുമായി രാജ്യം മുന്നേറുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ കാളിയെക്കുറിച്ചുള്ള പരാമര്‍ശത്തിന് എതിരെ സംഘപരിവാര്‍ രംഗത്തുവന്നിരുന്നു. കാളി ദേവിയെ മാംസാഹാരവും മദ്യവും സ്വീകരിക്കുന്ന ദേവതയായി സങ്കല്‍പ്പിക്കാന്‍ ഒരു വ്യക്തിയെന്ന നിലയില്‍ തനിക്ക് എല്ലാ അവകാശവുമുണ്ടെന്ന് മഹുവ പറഞ്ഞിരുന്നു. 

ലീനാ മണിമേഖല സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രമായ 'കാളിയുടെ' പോസ്റ്ററില്‍ കാളി ദേവിയെ ചിത്രീകരിച്ചിരിക്കുന്ന രീതിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിരുന്നു മഹുവ ഇത് പറഞ്ഞത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ പതാകയുടെ പശ്ചാത്തലത്തില്‍ പുക വലിക്കുന്ന കാളിവേഷധാരിയുടെ ചിത്രമാണ് പോസ്റ്റര്‍. ലീന മണിമേഖലയ്ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com