ശ്രീലങ്കയ്ക്ക് ഇന്ത്യ എല്ലാ സഹായവും പിന്തുണയും നല്‍കും; അഭയാര്‍ഥി പ്രവാഹത്തിന്റെ ഭീഷണിയില്ലെന്ന് വിദേശകാര്യമന്ത്രി

ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയ്ക്ക് ഇന്ത്യ എല്ലാ സഹായവും പിന്തുണയും നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
എസ് ജയശങ്കര്‍ മാധ്യമങ്ങളോട്, എഎന്‍ഐ
എസ് ജയശങ്കര്‍ മാധ്യമങ്ങളോട്, എഎന്‍ഐ

ന്യൂഡല്‍ഹി: ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയ്ക്ക് ഇന്ത്യ എല്ലാ സഹായവും പിന്തുണയും നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.  സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ തന്നെ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നിലവില്‍ അഭയാര്‍ഥി പ്രവാഹത്തിന്റെ ഭീഷണിയില്ലെന്നും എസ് ജയശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ സഹകരിക്കാന്‍ ശ്രീലങ്കന്‍ സേനാ മേധാവി ജനറല്‍ ശവേന്ദ്ര സില്‍വ ജനങ്ങളോട് അഭ്യര്‍ഥിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അനുകൂല സാഹചര്യം ഒത്തുവരുന്നുണ്ട്. അതിനാല്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സേനയോടും പൊലീസിനോടും സഹകരിക്കാന്‍ ജനങ്ങളോട് സേനാ മേധാവി അഭ്യര്‍ഥിച്ചു. 

സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നാണ് രാജ്യാന്തര നാണ്യനിധിയുടെ പ്രതികരണം. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്ന മുറയ്ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും ഐഎംഎഫ് അറിയിച്ചു. 

അതിനിടെ, പ്രസിഡന്റിന്റെ കൊട്ടാരവും പ്രധാനമന്ത്രിയുടെ വസതിയും കയ്യടക്കിയ ജനക്കൂട്ടം ഇനിയും പിരിഞ്ഞു പോയിട്ടില്ല. ഗോതബയ രജപക്‌സെ ബുധനാഴ്ച രാജിവയ്ക്കുമെന്ന സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രസ്താവനകള്‍ക്കും പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ല. ലക്ഷക്കണക്കിന് ജനങ്ങളാണ് ശനിയാഴ്ച പൊലീസ് ബാരിക്കേഡുകള്‍ ഭേദിച്ച് പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്.  പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കടക്കം പ്രക്ഷോഭകര്‍ തീയിട്ടു. 

ഗോതബായ രാജി വച്ചാല്‍ സ്പീക്കര്‍ അബെയവര്‍ധനയ്ക്കാവും താല്‍ക്കാലിക ചുമതല. ഒരാഴ്ചയ്ക്കകം പുതിയ സംയുക്ത സര്‍ക്കാര്‍ അധികാരമേല്‍ക്കും. പ്രസിഡന്റും പ്രധാനമന്ത്രിയും സ്ഥാനമൊഴിയണമെന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനം അനുസരിച്ച് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ആദ്യം തന്നെ രാജി പ്രഖ്യാപിച്ചു. രജപക്‌സെ രാജിസന്നദ്ധത അറിയിച്ചെന്ന് വ്യക്തമാക്കി സ്പീക്കര്‍ രംഗത്തെത്തി. പ്രസിഡന്റ് സ്ഥാനം രജപക്‌സേ ബുധനാഴ്ച രാജിവയ്ക്കുമെന്നാണ് സ്പീക്കര്‍ അറിയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com