'ആത്മപരിശോധനയുടെ സമയം കഴിഞ്ഞു, ഇനി തീരുമാനം എടുത്തേ പറ്റു'- യോ​ഗം ചേരാൻ ജി23 നേതാക്കൾ

നേതൃ മാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ സോണിയാ ഗാന്ധിക്ക് കത്ത് നൽകിയ മുതിർന്ന നേതാക്കൾ ശനിയാഴ്ചയോ ഞായറാഴ്ചയോ യോഗം ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ യോഗം ചേരാൻ ഒരുങ്ങി ജി23 നേതാക്കൾ. നേതൃ മാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ സോണിയാ ഗാന്ധിക്ക് കത്ത് നൽകിയ മുതിർന്ന നേതാക്കൾ ശനിയാഴ്ചയോ ഞായറാഴ്ചയോ യോഗം ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.  

തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ ദയനീയ തോൽവിയിൽ നിരാശരാണെന്നും ജി23 നേതാക്കൾ അടുത്ത 48 മണിക്കൂറിനുള്ളിൽ യോഗം ചേരുമെന്നും മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വീട്ടിൽ വച്ചായിരിക്കും യോഗം ചേരുക എന്നാണ് വിവരം. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ സ്റ്റാർ ക്യാമ്പയിനർ ലിസ്റ്റിൽ ഗുലാം നബി ആസാദിനേയും മനീഷ് തിവാരിയേയും ഉൾപ്പെടുത്തിയിരുന്നില്ല.

'ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ വളരെയധികം അസ്വസ്ഥതപ്പെടുത്തുന്നു, എന്നാൽ അപ്രതീക്ഷിതമായിരുന്നില്ല. ഞങ്ങൾ പഞ്ചാബിൽ എടുത്ത തീരുമാനങ്ങൾ പഞ്ചാബിലെ ജനങ്ങൾ തള്ളിക്കളഞ്ഞു. വൻ തോതിൽ അവർ കോൺഗ്രസിനെ ശിക്ഷിക്കുകയും ചെയ്തു. ഞങ്ങളുടെ എല്ലാ നേതാക്കൾക്കും സീറ്റ് നഷ്ടമായി. ആത്മ പരിശോധന നടത്താനുള്ള സമയം കഴിഞ്ഞു, നമ്മൾ തീരുമാനം എടുത്തേ പറ്റൂ'- മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാൻ പറഞ്ഞു.

പാർട്ടിക്കുള്ളിലെ തിരുത്തൽവാദികളായ കപിൽ സിബൽ, ശശി തരൂർ, മനീഷ് തിവാരി അടക്കമുള്ള 23 മുതിർന്ന കോൺഗ്രസ് നേതാക്കളാണ് നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയത്. കോൺഗ്രസിന് പ്രത്യക്ഷത്തിലുള്ളതും സജീവമായതുമായ ഒരു അധ്യക്ഷൻ വേണമെന്നായിരുന്നു കത്തിലെ ആവശ്യം. ഇത് പാർട്ടിക്കകത്ത് തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

പാർട്ടി ഗുരുതരമായ പ്രതിസന്ധി അനുഭവിക്കുന്ന ഘട്ടത്തിലെഴുതിയ കത്ത് അസമയത്തുള്ളതാണെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. നേതാക്കളുടെ പ്രവർത്തനം ബിജെപിക്കാണ്‌ ഗുണം ചെയ്യുകയെന്ന് പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. രാഹുലിന്റെ പരാമർശം പിന്നീട് നേതാക്കൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാനും കാരണമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com