തോല്‍വിയില്‍ നിന്ന് പഠിക്കുമോ?; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നാളെ

നേതൃത്വത്തിന് എതിരെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നടത്തിയ വിമര്‍ശനങ്ങളും ചര്‍ച്ചയായേക്കും എന്നാണ് സൂചന
രാഹുലും സോണിയയും- പിടിഐ
രാഹുലും സോണിയയും- പിടിഐ


ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെ, നാളെ പ്രവര്‍ത്തക സമിതി യോഗം വിളിച്ച് കോണ്‍ഗ്രസ്. എഐസിസി ആസ്ഥാനത്ത് നടക്കുന്ന വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ തോല്‍വിയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യും. നേതൃത്വത്തിന് എതിരെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നടത്തിയ വിമര്‍ശനങ്ങളും ചര്‍ച്ചയായേക്കും എന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ജനറല്‍ സെക്രട്ടറിമാര്‍ തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കും. 

തോല്‍വിക്ക് പിന്നാലെ, പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്നും പ്രവര്‍ത്തന ശൈലി മാറണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. നേതൃത്വുമായി ഇടഞ്ഞുനില്‍ക്കുന്ന ജി 23 നേതാക്കള്‍, പ്രവര്‍ത്തക സമിതി അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പഞ്ചാബില്‍ ഭരണം നഷ്ടമായതും പ്രിയങ്ക ഗാന്ധി തന്നെ കളത്തിലിറങ്ങിയിട്ടും യുപിയില്‍ ദയനീയ പരാജയത്തിലേക്ക് പോയതും വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

യുപിയില്‍ 97 ശതമാനം സീറ്റിലും കെട്ടിവച്ച കാശുപോയി

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതില്‍ 97 ശതമാനം സീറ്റിലും കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. 399 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. രണ്ടു സീറ്റില്‍ മാത്രം ജയിക്കാനായ പാര്‍ട്ടിയുടെ 387 സ്ഥാനാര്‍ഥികള്‍ക്കാണ് കെട്ടിവച്ച കാശ് നഷ്ടമായത്. പാര്‍ട്ടിയുടെ ആകെ വോട്ടു വിഹിതം-2.4 ശതമാനം.

ആകെയുള്ള 403 സീറ്റിലും മത്സരിച്ച ബിഎസ്പിയുടെ 72 ശതമാനം സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച കാശു പോയി. 290 സീറ്റിലാണ് മായാവതിയുടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്കു ഡെപ്പോസിറ്റ് പണം നഷ്ടമായത്. അഞ്ചു വര്‍ഷം തികച്ചു തുടര്‍ഭരണമുണ്ടാക്കി ചരിത്രം രചിച്ച ബിജെപിക്കു മൂന്നു സീറ്റില്‍ കെട്ടിവച്ച കാശു പോയിട്ടുണ്ട്. 347 സീറ്റില്‍ മത്സരിച്ച എസ്പിക്ക് ആ്റു സീറ്റിലാണ് പണം നഷ്ടമായത്.

ബിജെപി സഖ്യകക്ഷികളായ അപ്നാ ദള്‍ (സോനേലാല്‍), നിഷാദ് പാര്‍ട്ടി എന്നിവയ്ക്ക് ഒറ്റ സീറ്റിലും കെട്ടിവച്ച കാശു പോയില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അതേസമയം എസ്പി സഖ്യത്തില്‍ ഉള്‍പ്പെട്ട എസ്പിബിഎസ്പി, അപ്നാദള്‍ (കമേരാവാഡി) എന്നിവയ്ക്ക് എട്ടു സീറ്റുകളില്‍ കെട്ടിവച്ച കാശു നഷ്ടമായി. 33 സീറ്റില്‍ മത്സരിച്ച ആര്‍എല്‍ഡി മൂന്നു സീറ്റിലാണ് പണം പോയത്.ആകെ പോള്‍ ചെയ്ത സാധുവായ വോട്ടിന്റെ ആറിലൊന്നെങ്കിലും നേടാനാവാത്തവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശു നഷ്ടമാവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com