'എനിക്ക് പോകണം, മറ്റുവഴികളില്ല'; സുഹൃത്തുക്കള്‍ക്ക് വീഡിയോ അയച്ചു; 17കാരന്‍ 23ാം നിലയില്‍ നിന്ന് ചാടി മരിച്ചു

പുലര്‍ച്ചെ മൂന്നേകാല്‍ ഓടെ ബന്ധുവിന്റെ വീടിന്റെ ബാല്‍ക്കണിയിലെത്തി താഴോട്ട് ചാടുകയായിരുന്നു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: 'തനിക്ക് പോകേണ്ടതുണ്ട്, മറ്റ് വഴികളില്ല'- സുഹൃത്തുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ചതിന് പിന്നാലെ 17കാരന്‍ 23ാം നിലയില്‍ നിന്ന് ചാടി മരിച്ചു. ബംഗളൂരുവിലെ കോണനകുണ്ടെയിലെ പാര്‍പ്പിട സമുച്ചയത്തിന്റെ മുകളില്‍ നിന്ന് പുലര്‍ച്ചെ താഴോട്ട് ചാടുകയായിരുന്നു. 

പിയുസി രണ്ടാം വര്‍ഷവിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. ശാരീരികമായോ പഠനസംബന്ധമായോ യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നേകാല്‍ ഓടെ ബന്ധുവിന്റെ വീടിന്റെ ബാല്‍ക്കണിയില്‍ വന്ന് ചാടുകയായിരുന്നു. ഈ സമയത്ത് ബന്ധുക്കള്‍ ഉറങ്ങുകയായിരുന്നു. വീഴ്ചയുടെ ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാര്‍ എത്തിയെങ്കിലും കുട്ടി അപ്പോഴെക്കും മരിച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പൂലര്‍ച്ചെ മൂന്ന് മണിക്ക് 17കാരന്‍ രണ്ട് സുഹൃത്തുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ചതായി പൊലീസ് പറഞ്ഞു. തനിക്ക് വ്യക്തിപരമായ യാതൊരു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സന്ദേശത്തില്‍ പറയുന്നു. മറ്റ് മാര്‍ഗങ്ങളില്ലെന്നും ജീവിതം അവസാനിപ്പിക്കേണ്ടതുണ്ടെന്നും കുട്ടി സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ രാവിലെ മാത്രമാണ് മെസേജ് സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിളിച്ചുനോക്കുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയുടെ മൊബൈല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com