സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതനിര്‍മ്മാണം; കുടുംബങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; നാല് പേര്‍ കൊല്ലപ്പെട്ടു

സംഭവവുമായി ബന്ധപ്പെട്ട് കൃത്യനിര്‍വഹണത്തില്‍ വീഴ്ച കാണിച്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അമേഠി: സര്‍ക്കാര്‍ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെതുടര്‍ന്നുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മുന്‍ഗ്രാമത്തലവന്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപോരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജാപൂര്‍ ഗ്രാമത്തിലാണ് സംഭവം

സംഭവവുമായി ബന്ധപ്പെട്ട് കൃത്യനിര്‍വഹണത്തില്‍ വീഴ്ച കാണിച്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. .മുന്‍ഗ്രാമതലവന്‍ സങ്കതയാദവിന്റെ വീടിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമി കൈവശം വക്കുന്നതുമായി ബന്ധപ്പെട്ട് അമ്രേഷ് യാദവും രാംദുലാര്‍ യാദവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സങ്കതയാദവ്, ഹനുമ യാദവ്, അമ്രേഷ് യാദവ്, പാര്‍വതി യാദവ് എന്നിവരാണ് കൊല്ലപ്പെട്ടത്

തര്‍ക്കഭൂമിയില്‍ നിര്‍മ്മാണം നടത്തുന്നതില്‍ നിന്ന് ഇരുവിഭാഗത്തെയും ചൊവ്വാഴ്ച പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ അതേദിവസം തന്നെ ഒരുവിഭാഗം ഈ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെയാണ് സംഘര്‍ഷത്തിന്റെ തുടക്കമെന്ന് ഇന്‍സ്‌പെക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലപ്പെട്ട സങ്കതയാദവിന്റെ മകന്റെ പരാതിയില്‍ നിലവിലെ ഗ്രാമത്തലവന്‍, മകന്‍ തുടങ്ങി ഏഴ് പേര്‍ക്കെതിരെ കേസ് എടുത്തതായും നാല് പേരെ  അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന് നേതൃത്വം കൊടുത്തവര്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരവും അനധികൃത കയ്യേറ്റത്തിനെതിരെ കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com