25,000 പേർക്ക് ​ഗവൺമെന്റ് ജോലി; ആദ്യ മന്ത്രിസഭാ യോ​ഗത്തിൽ തന്നെ തീരുമാനം; വാക്ക് പാലിച്ച് പഞ്ചാബിലെ ഭ​ഗവന്ത് മാൻ സർക്കാർ

25,000 പേർക്ക് സർക്കാർ സർവീസിൽ ഉടൻ ജോലി നൽകും. ഇതിൽ 15,000 പേർക്ക് പൊലീസിലും ബാക്കിയുള്ളവർക്ക് മറ്റ് സർക്കാർ വകുപ്പുകളിലുമാണ് അവസരം
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ചണ്ഡീഗഡ്: അധികാരമേറ്റെടുത്ത് ആദ്യ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനവുമായി പഞ്ചാബിലെ ആം ആദ്മി സർക്കാർ. 25,000 പേർക്ക് സർക്കാർ ജോലി നൽകുമെന്ന തെരഞ്ഞെടുപ്പ് വാ​ഗ്ദാനം പ്രാവർത്തികമാക്കുമെന്ന തീരുമാനമാണ് ആദ്യ മന്ത്രിസഭാ യോ​ഗം കൈക്കൊണ്ടത്. 

25,000 പേർക്ക് സർക്കാർ സർവീസിൽ ഉടൻ ജോലി നൽകും. ഇതിൽ 15,000 പേർക്ക് പൊലീസിലും ബാക്കിയുള്ളവർക്ക് മറ്റ് സർക്കാർ വകുപ്പുകളിലുമാണ് അവസരം. സർക്കാരിന് കീഴിലുള്ള വിവിധ ബോർഡ്, കോർപ്പറേഷനുകളിലാണ് നിയമനം നൽകുകയെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു.

ഒരു മാസത്തിനുള്ളിൽ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ഭ​ഗവന്ത് മാൻ വ്യക്തമാക്കി. പഞ്ചാബിലെ യുവാക്കൾക്ക് തങ്ങൾ നൽകിയ വാഗ്ദാനമായിരുന്നു ഇതെന്നും ഭഗവന്ത് മാൻ പറഞ്ഞു. യുവാക്കളാണ് തങ്ങളുടെ പ്രഥമ പരിഗണനയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഒരു വനിതയുൾപ്പെടെ പത്ത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പരമാവധി 18 മന്ത്രിമാരെ ഉൾപ്പെടുത്താമായിരുന്നിട്ടും മന്ത്രിമാരുടെ എണ്ണം കുറയ്ക്കാനാണ് പാർട്ടി തീരുമാനിച്ചത്.

117 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വൻ വിജയമാണ് ആം ആദ്മി പഞ്ചാബിൽ സ്വന്തമാക്കിയത്. 92 സീറ്റുകളിൽ വിജയിച്ചാണ് അവർ കോൺ​ഗ്രസിനെ തകർത്തെറിഞ്ഞ് അധികാരം പിടിച്ചത്. കോൺ​ഗ്രസ് വെറും 18 സീറ്റിൽ ഒതുങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com