രണ്ടു യുവതികള്‍ സൈനികര്‍ക്കൊപ്പം ഒളിച്ചോടുന്നു?, തടഞ്ഞുവച്ച് കടയുടമ; ഒടുവില്‍...

ജമ്മു കശ്മീരില്‍ രണ്ടു സൈനികര്‍ക്ക് ഒപ്പം ഒളിച്ചോടാന്‍ പോകുന്നു എന്ന സംശയത്തില്‍ കടയുടമ തടഞ്ഞുവെച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ടു സൈനികര്‍ക്ക് ഒപ്പം ഒളിച്ചോടാന്‍ പോകുന്നു എന്ന സംശയത്തില്‍ കടയുടമ തടഞ്ഞുവെച്ചു. പ്രദേശവാസികളായ യുവതികളെയാണ് സൈനികര്‍ക്കൊപ്പം തടഞ്ഞുവെച്ചത്. എന്നാല്‍ യുവതികളും സൈനികരും തമ്മില്‍ അറിയില്ലെന്നും കടയുടമയുടെ തെറ്റിദ്ധാരണ മാത്രമാണെന്നും പൊലീസ് പറയുന്നു.

ബാരാമുള്ള ജില്ലയില്‍ നിന്നുള്ള യുവതികളെയാണ്  ശനിയാഴ്ച രാവിലെ ശ്രീനഗര്‍ വിമാനത്താവളത്തിന് പുറത്തുള്ള കടയില്‍ തടഞ്ഞുവെച്ചത്. സൈനികര്‍ക്കൊപ്പം ഒളിച്ചോടാന്‍ പോകുകയാണ് എന്ന സംശയത്തിലാണ് കടയുടമ ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ആരോപണം ബുദ്ഗാം എസ്എസ്പി നിഷേധിച്ചു. കേവലം തെറ്റിദ്ധാരണ മാത്രമാണെന്നും സ്ത്രീകളും സൈനികരും തമ്മില്‍ അറിയില്ലെന്നും എസ്എസ്പി താഹിര്‍ സലിം അറിയിച്ചു.

സൈനികര്‍ ഡല്‍ഹിക്ക് പോകാന്‍ വിമാനത്താവളത്തിലേക്ക് പോകുന്നവഴിയാണ് സംഭവം. റെസ്‌റ്റോറന്റില്‍ കയറി ഭക്ഷണം കഴിക്കാനാണ് അവര്‍ ഇവിടെ ഇറങ്ങിയത്. ഈസമയത്ത് പ്രദേശവാസികളായ യുവതികളും ഭക്ഷണം കഴിക്കാന്‍ വന്നു. യുവതികള്‍ സൈനികര്‍ക്കൊപ്പം ഒളിച്ചോടാന്‍ ശ്രമിക്കുകയാണ് എന്ന തരത്തില്‍ അഭ്യൂഹം പരത്തി ചില സാമൂഹിക വിരുദ്ധരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. 

യുവതികളും സൈനികരും പരസ്പരം അറിയില്ലെന്നും ഒരുമിച്ച് വന്നതല്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറയുന്നു. തുടര്‍ന്ന് യുവതികളെ വീട്ടുകാരെ ഏല്‍പ്പിച്ചതായും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com