ക്രിമിനല്‍ നിയമങ്ങള്‍ അടിമുടി പൊളിച്ചെഴുതുന്നു; നടപടികള്‍ക്കു തുടക്കമായതായി കേന്ദ്രം 

ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടിച്ചട്ടം, തെളിവു നിയമം എന്നിവയില്‍ സമഗ്രമായ മാറ്റമാണ് ലക്ഷ്യമിടുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമം സമൂലമായി പൊളിച്ചു പണിയാന്‍ നടപടികള്‍ തുടങ്ങിയതായി കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍. ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടിച്ചട്ടം, തെളിവു നിയമം എന്നിവയില്‍ സമഗ്രമായ മാറ്റമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തുമെന്ന് ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര രാജ്യസഭയെ അറിയിച്ചു.

സംസ്ഥാന ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, ബാര്‍ കൗണ്‍സില്‍, സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍, സര്‍വകലാശാലകള്‍, നിയമ സ്ഥാപനങ്ങള്‍, എംപിമാര്‍ എന്നിവരില്‍നിന്ന് ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളില്‍ കാലോചിതമായ മാറ്റം വേണമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി 146ാം റിപ്പോര്‍ട്ടില്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 111, 128 റിപ്പോര്‍ട്ടുകളിലും സമിതി സമാനമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഭാഗികമായ ഭേദഗതികള്‍ അല്ലാതെ സമഗ്രമായ നിയമ നിര്‍മാണമാണ് സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.

നീതി നിര്‍വഹണം വേഗത്തിലാക്കുക, അതു ജനങ്ങള്‍ക്കു താങ്ങാവുന്ന വിധത്തിലാക്കുക, കേന്ദ്രീകൃതമായ നിയമ ഘടനയുണ്ടാക്കുക എന്നിവയാണ് മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി 1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമവും 1973ലെ ക്രിമിനല്‍ നടപടിച്ചട്ടവും 1872ലെ തെളിവു നിയമവും പൊളിച്ചെഴുതണം. ഇതിനായി നാഷനല്‍ ലോ യൂണിവേഴ്‌സിറ്റി െൈവെസ് ചാന്‍സലറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com