കിഴക്കന്‍ ലഡാക്കില്‍നിന്ന്‌ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണം; ചൈനയോട് ഇന്ത്യ

ഇപ്പോഴത്തെ സ്ഥിതി തുടരുന്നത് ഇരു ഭാഗത്തിന്റെയും താത്പര്യങ്ങള്‍ക്കു യോജിച്ചതല്ല
അജിത് ഡോവല്‍ വാങ് യീക്കൊപ്പം
അജിത് ഡോവല്‍ വാങ് യീക്കൊപ്പം

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ചൈനയോട് ഇന്ത്യ. ഉഭയകക്ഷി ബന്ധം മുന്നോട്ടുകൊണ്ടുപോവുന്നതിനുള്ള തടസ്സങ്ങള്‍ നീക്കണമെന്നും ചൈനീസ് വിദേശമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആവശ്യപ്പെട്ടു.

ഇന്നലെ വൈകുന്നേരമാണ്, അപ്രഖ്യാപിതമായി വാങ് ഇന്ത്യയില്‍ എത്തിയത്. കാബൂളില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു ചൈനീസ് വിദേശമന്ത്രിയുടെ വരവ്. 

അതിര്‍ത്തിയില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുന്നത് ബന്ധങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ സഹായകരമാവുമെന്ന് ഡോവല്‍ പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതി തുടരുന്നത് ഇരു ഭാഗത്തിന്റെയും താത്പര്യങ്ങള്‍ക്കു യോജിച്ചതല്ല. സുരക്ഷയും തുല്യതയും ലംഘിക്കുന്ന നടപടികള്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. 

സമാധാനം പുനസ്ഥാപിക്കുന്നതിന് നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചര്‍ച്ചകള്‍ തുടരേണ്ടതുണ്ട്. നിലവിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ നടപടികളുണ്ടാവണം. കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പക്വതയും ആത്മാര്‍ഥതയും അനിവാര്യമെന്ന് ഡോവല്‍ ചൈനീസ് വിദേശമന്ത്രിയോട് ആവശ്യപ്പെട്ടതായി ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. 

ചൈന സന്ദര്‍ശിക്കാന്‍ ഡോവലിനെ ചൈനീസ് സംഘം ക്ഷണിച്ചിട്ടുണ്ട്. ക്ഷണം സ്വീകരിക്കുന്നതായും നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ഉടന്‍ സന്ദര്‍ശനം നടത്തുമെന്നും ഡോവല്‍ അറിയിച്ചു. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനിയും നിയോഗിച്ച പ്രത്യേക പ്രതിനിധികളാണ് ഡോവലും വാങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com