ഞങ്ങള്‍ നിര്‍മ്മിച്ച സ്റ്റേഡിയത്തില്‍ ബിജെപി മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്; യോഗിയെ പരിഹസിച്ച് അഖിലേഷ് യാദവ്

തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ നിര്‍മ്മിച്ച സ്‌റ്റേഡിയത്തില്‍ വച്ചാണ് ബിജെപി മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതെന്നായിരുന്നു അഖിലേഷിന്റെ പരിഹാസം
എസ്പി നേതാവ് അഖിലേഷ് യാദവ് /ഫയല്‍
എസ്പി നേതാവ് അഖിലേഷ് യാദവ് /ഫയല്‍

ലഖ്‌നൗ: യോഗി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ പരിഹസിച്ച് സമാജ് വാദി നേതാവും എംഎല്‍എയുമായ അഖിലേഷ് യാദവ്. തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ നിര്‍മ്മിച്ച സ്‌റ്റേഡിയത്തില്‍ വച്ചാണ് ബിജെപി മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതെന്നായിരുന്നു അഖിലേഷിന്റെ പരിഹാസം.

ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി ഏകാന സ്റ്റേഡിയത്തില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. സമാജ് വാദി പാര്‍ട്ടി നിര്‍മ്മിച്ച സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയ സര്‍ക്കാരിന് അഭിനനന്ദനങ്ങള്‍. സത്യപ്രതിജ്ഞ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മാത്രമല്ല, ജനങ്ങളെ സേവിക്കാന്‍ കൂടിയുള്ളതാകണം- സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു.

തുടര്‍ച്ചയായ രണ്ടാം തവവണയും യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം വാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിങ്, തുടങ്ങി നിരവധി മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യാപ്രതിജ്ഞാ ചടങ്ങിന് എത്തി. കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക് എന്നിവര്‍ യോഗി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിമാര്‍. 52 അംഗങ്ങളാണ് മന്ത്രിസഭയില്‍ ഉള്ളത്.

403 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി എന്‍ഡിഎ സഖ്യം 274 സീറ്റുകള്‍ നേടിയാണ് വീണ്ടും യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയത്. ബിജെപി 41 ശതമാനം വോട്ടുവിഹിതം സ്വന്തമാക്കി. ഇതോടെ കഴിഞ്ഞ 37 വര്‍ഷത്തിനിടെ, സംസ്ഥാനത്ത് ഭരണകാലാവധി തികച്ചു വീണ്ടും അധികാരമേറ്റ ആദ്യ മുഖ്യമന്ത്രിയായി യോഗി മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com