ശസ്ത്രക്രിയയ്ക്ക് ശേഷവും കടുത്ത വയറുവേദന, മരുന്നിനൊപ്പം അഞ്ചുമാസത്തേയ്ക്ക് സ്‌കാന്‍ ചെയ്യരുതെന്നും ഡോക്ടറുടെ നിര്‍ദേശം; പരിശോധനയില്‍ ഞെട്ടല്‍

വയറിലെ ട്യൂമര്‍ നീക്കം ചെയ്യുന്നതിന് ശസ്ത്രക്രിയ എന്ന പേരില്‍ ഡോക്ടര്‍ 1.20ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: വയറിലെ ട്യൂമര്‍ നീക്കം ചെയ്യുന്നതിന് ശസ്ത്രക്രിയ എന്ന പേരില്‍ ഡോക്ടര്‍ 1.20ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ശസ്ത്രക്രിയ നടത്താതെ തന്റെ കൈയില്‍ നിന്ന് പണം വാങ്ങിയതായി കാണിച്ച് ആന്ധ്രാ സ്വദേശിനി ഗുണ്ടൂര്‍ അര്‍ബന്‍ എസ്പിക്ക് പരാതി നല്‍കി.

ഭക്ഷ്യോല്‍പ്പന നിര്‍മ്മാണ കമ്പനിയില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന നാഗ ജ്യോതിയാണ് ഡോക്ടര്‍ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. 2021 ജൂലൈയിലാണ് വയറുവേദനയെ തുടര്‍ന്ന് ഡോക്ടറെ ആദ്യമായി സമീപിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ വയറില്‍ ട്യൂമറാണ് എന്ന് ഡോക്ടര്‍ പറഞ്ഞു. 

ട്യൂമര്‍ നീക്കം ചെയ്യുന്നതിന് 1.20ലക്ഷം രൂപ ഡോക്ടര്‍ വാങ്ങി. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ വീണ്ടും പോയി കണ്ടതായി നാഗ ജ്യോതി പരാതിയില്‍ പറയുന്നു.

ഡോക്ടര്‍ ചില മരുന്നുകള്‍ നിര്‍ദേശിച്ചു. അഞ്ചു മാസം കഴിയുന്നതുവരെ സ്‌കാന്‍ ചെയ്യരുതെന്ന നിര്‍ദേശവും ഡോക്ടര്‍ നല്‍കി. മരുന്നു കഴിച്ചെങ്കിലും വേദനയില്‍ ഒരു കുറവും ഉണ്ടായില്ല. സംശയം തോന്നിയ താന്‍ പരിശോധിച്ചപ്പോള്‍ ട്യൂമര്‍ നീക്കം ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതായി നാഗ ജ്യോതി പറയുന്നു. 

ഇക്കാര്യം പറഞ്ഞ് അതേ ഡോക്ടറെ തന്നെ സമീപിച്ചപ്പോള്‍ തന്നോട് ദേഷ്യപ്പെടുകയും പിടിച്ചു പുറത്താക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നാഗ ജ്യോതി പൊലീസില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ എസ്പി നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com