ഗ്യാന്‍വാപി: സര്‍വെ വിവരങ്ങള്‍ ചോര്‍ന്നു; അഭിഭാഷക കമ്മീഷണറെ മാറ്റി, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടുദിവസം സമയം

സര്‍വെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതിനാണ് മിശ്രയെ മാറ്റിയത്
ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വെ നടത്തുന്നു/പിടിഐ
ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വെ നടത്തുന്നു/പിടിഐ



വാരാണസി: ഗ്യാന്‍വാപി മസ്ജിദ് സര്‍വെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അഭിഭാഷ കമ്മീഷണര്‍ അജയ് മിശ്രയെ മാറ്റി വാരാണസി ജില്ലാ കോടതി. കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടുദിവസത്തെ സമയം അനുവദിച്ചു. 

സര്‍വെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതിനാണ് മിശ്രയെ മാറ്റിയത്. അഭിഭാഷക കമ്മീഷനില്‍ അംഗമായ മറ്റു രണ്ട് അഭിഭാഷകര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി രണ്ടുദിവസത്തെ സമയം കൂടി അനുവദിച്ചു. റിപ്പോര്‍ട്ട് തയ്യാറായിട്ടില്ലെന്നും കൂടുതല്‍ സമയം വേണമെന്നും കമ്മീഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 

സിവില്‍ ജഡ്ജ് രവികുമാര്‍ ദിവാകര്‍ ആണ് കേസ് പരിഗണിച്ചത്. കൂടുതല്‍ സമയം ചോദിച്ച് സ്‌പെഷ്യല്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ വിശാല്‍ സിങ് ആണ് ബെഞ്ചിനെ സമീപിച്ചത്. ഗ്യാന്‍വാപി മസ്ജിദില്‍ പുതിയ സര്‍വെ നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരും അപേക്ഷ നല്‍കിയിരുന്നു. 

ഗ്യാന്‍വാപി മസ്ജിദിലെ കുളത്തില്‍ നിന്ന് ശിവലിംഗം കണ്ടെത്തി എന്നതുള്‍പ്പെടെ സര്‍വെ വിവരങ്ങള്‍ പുറത്തായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിന്ദു ഗ്രൂപ്പ് കോടതിയെ സമീപിക്കുകയും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കോടതി, പ്രദേശം സീല്‍ ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. 

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദിന് എതിരെയാണ് ഹിന്ദുത്വ സംഘടനകള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് വാരണാസിയിലെ കോടതി, അഭിഭാഷക കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പള്ളിയില്‍ വീഡിയോ സര്‍വെ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കുകയായിരുന്നു.

2021ല്‍ രാഖി സിങ്, ലക്ഷ്മി ദേവി, സീതാ സാഹു എന്നീ ഡല്‍ഹി സ്വദേശിനികള്‍ പള്ളിയ്ക്കുള്ളില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടെന്നും നിത്യപൂജയ്ക്ക് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com