നേതാക്കളുടെ ശ്രദ്ധ ചിക്കന്‍ സാന്‍വിച്ചിലും മൊബൈല്‍ ഫോണിലും; കോണ്‍ഗ്രസിന് എതിരെ തുറന്നടിച്ച് ഹാര്‍ദിക് പട്ടേല്‍

കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രാജിവച്ച ഗുജറാത്ത് പിസിസി വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍
രാഹുല്‍ ഗാന്ധി, ഹാര്‍ദിക് പട്ടേല്‍/ഫയയല്‍
രാഹുല്‍ ഗാന്ധി, ഹാര്‍ദിക് പട്ടേല്‍/ഫയയല്‍


അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രാജിവച്ച ഗുജറാത്ത് പിസിസി വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍. ഡല്‍ഹിയില്‍ നിന്നുള്ള നേതാക്കള്‍ക്ക് കൃത്യസമയത്ത് 'ചിക്കന്‍ സാന്‍വിച്ച്' ലഭിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നതിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധയെന്ന് അദ്ദേഹം രാജിക്കത്തില്‍ തുറന്നടിച്ചു. 

'പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഉന്നത നേതാക്കളെ സമീപിച്ചപ്പോള്‍ അതു കേള്‍ക്കുന്നതിനേക്കാള്‍ ശ്രദ്ധ അവര്‍ മൊബൈല്‍ ഫോണ്‍ നോക്കുന്നതിന് നല്‍കി. ഗുജറാത്തിലെ  നേതാക്കള്‍ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനെക്കാള്‍ സന്ദര്‍ശിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് ചിക്കന്‍ സാന്‍വിച്ച് ഉറപ്പുവരുത്തുന്നതിലാണ്'- കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയ കത്തില്‍ അദ്ദേഹം വിമര്‍ശിച്ചു. 

2019ല്‍ രാഹുല്‍ ഗാന്ധിയുടെ താത്പര്യ പ്രകാരം കോണ്‍ഗ്രസിലെത്തിയ ഹാര്‍ദിക്, ഗുജറാത്ത് നേതൃത്വവുമായി ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജിവച്ചത്. രാഹുല്‍ ഗാന്ധിക്ക് എതിരെയും രൂക്ഷ വിമര്‍ശനമാണ് ഹാര്‍ദിക് പട്ടേല്‍ നടത്തിയത്. 'ഇന്ത്യയില്‍ നിര്‍ണായക സമയങ്ങളില്‍ ആവശ്യമുള്ളപ്പോഴല്ലാം നമ്മുടെ നേതാവ് വിദേശത്തായിരുന്നു'ഹാര്‍ദി പറഞ്ഞു. 

'കോണ്‍ഗ്രസ് നേതൃത്വത്തിന് ഗുജറാത്തിനോട് കടുത്ത വെറുപ്പാണ്, സംസ്ഥാനത്തോട് താല്‍പ്പര്യമില്ല. ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള മാര്‍ഗരേഖയില്ലാത്തതിനാല്‍ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടി പിന്തള്ളപ്പെട്ടു.'അദ്ദേഹം വിമര്‍ശിച്ചു. 

ഹാര്‍ദിക് പട്ടേല്‍ ബിജെപിയില്‍ ചേരുമെന്നാണ് സൂചന. വര്‍ക്കിംഗ് പ്രസിഡന്റായി തുടരുമ്പോഴും പാര്‍ട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ലെന്ന് ഹാര്‍ദിക് ആരോപണമുയര്‍ത്തിയിരുന്നു. പട്ടേല്‍ വിഭാഗത്തിലെ മറ്റൊരു നേതാവായ നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ പ്രശാന്ത് കിഷോര്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതും ഹാര്‍ദികിനെ പ്രകോപിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ ഹാര്‍ദിക്കിന്റെ പട്ടേല്‍  സംവരണ പ്രക്ഷോഭം സഹായിച്ചിരുന്നു. വീണ്ടും നിയമസഭ തെരഞ്ഞെടുപ്പ് അടുക്കെയാണ് ഹാര്‍ദിക് പാര്‍ട്ടി വിട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com