ചോക്കലേറ്റ് മോഷ്ടിക്കുന്ന വീഡിയോ വൈറലായി; കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി 

പശ്ചിമ ബംഗാളില്‍ മാളില്‍ നിന്ന് ചോക്കലേറ്റ് മോഷ്ടിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ, കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മാളില്‍ നിന്ന് ചോക്കലേറ്റ് മോഷ്ടിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ, കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. മാളിലെ ജീവനക്കാരനാണ് കോളജ് വിദ്യാര്‍ഥിനി ചോക്കലേറ്റ് മോഷ്ടിക്കുന്ന ദൃശ്യം പകര്‍ത്തിയത്.

അലിപുര്‍ദുവാര്‍ ജില്ലയിലെ ജയ്ഗാവിലാണ് സംഭവം. പെണ്‍കുട്ടി ചോക്കലേറ്റ് മോഷ്ടിക്കുന്നത് ജീവനക്കാര്‍ കൈയോടെ പിടികൂടുകയായിരുന്നു. കുറ്റം സമ്മതിച്ച പെണ്‍കുട്ടി, വീഡിയോ പകര്‍ത്തരുത് എന്ന് ജീവനക്കാരോട് അപേക്ഷിച്ചു. എന്നാല്‍ ജീവനക്കാര്‍ ചിത്രീകരണം തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സോഷ്യല്‍മീഡിയയില്‍ അടക്കം വീഡിയോ പങ്കുവെച്ച് നാണംകെടുത്തരുതെന്നും കോളജ് വിദ്യാര്‍ഥിനി അപേക്ഷിച്ചു. എന്നാല്‍ ഇത് കേള്‍ക്കാനും ജീവനക്കാര്‍ കൂട്ടാക്കിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ വൈറലായതിന് പിന്നാലെ മനോവിഷമത്തില്‍ പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.

ചോക്കലേറ്റ് മോഷ്ടിച്ചതിന് മകളില്‍ നിന്ന് പണം ഈടാക്കിയിട്ടും അവര്‍ ഉപദ്രവിച്ചതായി അച്ഛന്‍ ആരോപിച്ചു. മകള്‍ക്ക് തെറ്റുപറ്റി. ഇതിന് പകരമായി അവര്‍ മകളില്‍ നിന്ന് പണം വാങ്ങി. എന്നിട്ടും ഉപദ്രവം തുടര്‍ന്നു. വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കരുത് എന്ന് അപേക്ഷിച്ചിട്ടും അവര്‍ അത് ചെയ്‌തെന്നും അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'അവര്‍ക്ക് നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാമായിരുന്നു. അതിന് പകരം വീഡിയോ വൈറലാക്കാനാണ് ശ്രമിച്ചത്. ഇന്ന് ഇപ്പോള്‍ എന്റെ മകള്‍ ജീവനൊടുക്കി. എങ്ങനെ അവളെ എനിക്ക് തിരിച്ചുകിട്ടും?, അവര്‍ പണമെടുത്തു. ഇപ്പോള്‍ മകളെയും എടുത്തു, അവര്‍ക്ക് മകളെ തിരിച്ചുതരാന്‍ കഴിയുമോ?'- അച്ഛന്‍ ചോദിക്കുന്നു.

സംഭവത്തില്‍ നാട്ടുകാര്‍ കൂട്ടംചേര്‍ന്ന് മാളിന് മുന്നില്‍ പ്രതിഷേധിച്ചു. വീഡിയോ എടുത്തവര്‍ക്കെതിരെ കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com