ബിരിയാണി പങ്കുവെയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം, ഭാര്യയെ തീകൊളുത്തി കൊന്നു, തീപടര്‍ന്നപ്പോള്‍ കെട്ടിപ്പിടിച്ചു, ഭര്‍ത്താവും പൊള്ളലേറ്റു മരിച്ചു

ബിരിയാണി പങ്കുവെയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 74കാരനായ റെയില്‍വേ മുന്‍ ജീവനക്കാരന്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ബിരിയാണി പങ്കുവെയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 74കാരനായ റെയില്‍വേ മുന്‍ ജീവനക്കാരന്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി. ദേഹത്ത് തീപടരുന്നതിനിടെ, 70കാരിയായ ഭാര്യ ഉടന്‍ തന്നെ കെട്ടിപ്പിടിച്ചതോടെ 74കാരനും പൊള്ളലേറ്റ് മരിച്ചു.

തമിഴ്‌നാട്ടില്‍ ചെന്നൈയ്ക്ക് സമീപം അയനാവരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. 70കാരിയായ പത്മാവതിയും ഭര്‍ത്താവ് കരുണാകരനുമാണ് മരിച്ചത്. ചികിത്സയിലിരിക്കേ, ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പത്മാവതി ചൊവ്വാഴ്ചയും കരുണാകരന്‍ ബുധനാഴ്ച രാവിലെയുമാണ് മരിച്ചത്.

തുടക്കത്തില്‍ ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പത്മാവതി നല്‍കിയ മരണമൊഴിയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് പത്മാവതി നടന്ന സംഭവം വിവരിച്ചത്.

കടയില്‍ നിന്ന് വാങ്ങി കൊണ്ടുവന്ന ബിരിയാണി പങ്കുവെയ്ക്കുന്ന ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് പത്മാവതിയുടെ മൊഴിയില്‍ പറയുന്നത്. കരുണാകരന്‍ ബിരിയാണി ഒറ്റയ്ക്ക് കഴിക്കുന്നത് പത്മാവതി ചോദ്യം ചെയ്തു. എന്തുകൊണ്ട് തനിക്ക് ബിരിയാണി വാങ്ങിയില്ലെന്നും പത്മാവതി ചോദിച്ചു. കൂടാതെ വാങ്ങി കൊണ്ടുവന്ന ബിരിയാണി പങ്കുവെയ്ക്കാനും പത്മാവതി ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തന്നെ തീകൊളുത്തുകയായിരുന്നുവെന്നും പത്മാവതിയുടെ മരണമൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

ഇരുവര്‍ക്കുമായി നാലുമക്കളാണ് ഉള്ളത്. മക്കള്‍ എല്ലാം കുടുംബവും ഒന്നിച്ച് മാറി താമസിക്കുകയാണ്. തങ്ങള്‍ ഒറ്റപ്പെട്ട് കഴിയുന്നതില്‍ ഇരുവരും മാനസിക പ്രയാസം നേരിട്ടിരുന്നതായി പൊലീസ് പറയുന്നു. വല്ലപ്പോഴും മാത്രമാണ് മക്കള്‍ ഇരുവരെയും കാണാന്‍ വരുന്നത്. ഇതിനെ ചൊല്ലി തര്‍ക്കവും പതിവായിരുന്നു. 

തിങ്കളാഴ്ച രാത്രി ഇരുവരുടെയും മുറവിളി കേട്ടതായി നാട്ടുകാര്‍ പറയുന്നു. ഓടിയെത്തിയപ്പോള്‍ പൊള്ളലേറ്റ് അബോധാവസ്ഥയിലായ നിലയിലാണ് ഇരുവരെയും കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതാണ് മരണ കാരണമെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com