എയ്ഡ്‌സ് ബാധിതയായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു; സ്‌ട്രെച്ചറില്‍ കിടന്ന് കരഞ്ഞത് ആറുമണിക്കൂര്‍, കുഞ്ഞ് മരിച്ചു

ഉത്തര്‍പ്രദേശില്‍ എയ്ഡ്‌സ് ബാധിതയെന്ന് അറിഞ്ഞതോടെ, ആശുപത്രി അധികൃതര്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എയ്ഡ്‌സ് ബാധിതയെന്ന് അറിഞ്ഞതോടെ, ആശുപത്രി അധികൃതര്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. യഥാസമയം യുവതിക്ക് ചികിത്സ കിട്ടാതെ വന്നതോടെ പ്രസവിച്ച കുഞ്ഞ് മരിച്ചു.

ഫിറോസാബാദിലാണ് സംഭവം. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. എയ്ഡ്‌സ് ബാധിതയാണെന്ന് അറിഞ്ഞതോടെയാണ് യുവതിക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

യുവതി പ്രസവിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ആണ്‍കുഞ്ഞ് മരിച്ചു. സംഭവത്തില്‍ ഫിറോസാബാദ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

സ്വകാര്യ ആശുപത്രിയില്‍ സാധാരണ പ്രസവത്തിന് തുക എത്രയാണെന്ന് ചോദിച്ചപ്പോള്‍ 20,000 രൂപയാണെന്നാണ് പറഞ്ഞതെന്ന് യുവതിയുടെ അച്ഛന്‍ പറയുന്നു. തുടര്‍ന്ന് നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ജില്ലാ ഫീല്‍ഡ് ഓഫീസറുടെ നിര്‍ദേശ പ്രകാരമാണ് മെഡിക്കല്‍ കോളജില്‍ പോയത്. അവിടെ സ്‌ട്രെച്ചറില്‍ പ്രസവവേദനയുമായി മകള്‍ ആറുമണിക്കൂര്‍ നേരം കരഞ്ഞതായി അച്ഛന്‍ ആരോപിക്കുന്നു. നിരന്തരം സഹായം അഭ്യര്‍ത്ഥിച്ചിട്ടും സഹായിക്കാന്‍ ഒരു ഡോക്ടറും തയ്യാറായില്ല. 

ആറുമണിക്കൂര്‍ കഴിഞ്ഞ് സീനിയര്‍ ഡോക്ടര്‍മാര്‍ വന്ന ശേഷമാണ് യുവതിയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയത്. ഇവിടെ വച്ചാണ് ആണ്‍കുട്ടിക്ക് യുവതി ജന്മം നല്‍കിയത്. എന്നാല്‍ കുഞ്ഞിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടിരുന്നു. കുഞ്ഞിനെ കാണാന്‍ ബന്ധുക്കളെ അനുവദിച്ചില്ലെന്നും യുവതിയുടെ അച്ഛന്‍ പറയുന്നു. കുട്ടികള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്ന യൂണിറ്റിലേക്ക് കുഞ്ഞിനെ മാറ്റി. പിറ്റേന്ന് കുട്ടി മരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com