കെ വി വിശ്വനാഥന്‍ അടക്കം നാലുപേരെ സുപ്രീംകോടതി ജഡ്ജിമാരാക്കി ഉയര്‍ത്തണം; അംഗീകാരം തേടി ചീഫ് ജസ്റ്റിസിന്റെ കത്ത്

പൂജ അവധിക്ക് അടച്ച സുപ്രീംകോടതി ഇനി ഒക്ടോബര്‍ 10 ന് മാത്രമേ തുറക്കുകയുള്ളൂ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ വി വിശ്വനാഥന്‍ അടക്കം നാലുപേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ അംഗീകാരം തേടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. സുപ്രീംകോടതി കൊളീജിയം അംഗങ്ങള്‍ക്കാണ് ഇതുസംബന്ധിച്ച കത്ത് ചീഫ് ജസ്റ്റിസ് യു യു ലളിത് നല്‍കിയത്. സെപ്റ്റംബര്‍ 30 ന് ചേരാന്‍ നിശ്ചയിച്ചിരുന്ന കൊളീജിയം യോഗം ചേരാന്‍ കഴിയാതിരുന്നതിനാലാണ് ചീഫ് ജസ്റ്റിസ് അസാധാരണമായ കത്ത് കൊളീജിയം ജഡ്ജിമാര്‍ക്ക് നല്‍കിയത്. 

മുതിര്‍ന്ന അഭിഭാഷകനായ കെ വി വിശ്വനാഥന് പുറമെ, പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവിശങ്കര്‍ ഝാ, ബിഹാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍ എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താനാണ് കത്തില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.  

സെപ്റ്റംബര്‍ 30 ന് ചേരാന്‍ നിശ്ചയിച്ചിരുന്ന കൊളീജിയം യോഗം, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രാത്രി വൈകി വരെ കേസ് പരിഗണിച്ചതിനാല്‍ ചേരാനായില്ല. പൂജ അവധിക്ക് അടച്ച സുപ്രീംകോടതി ഇനി ഒക്ടോബര്‍ 10 ന് മാത്രമേ തുറക്കുകയുള്ളൂ. കൊളീജിയത്തിലെ ജഡ്ജിമാരില്‍ പലരും ഡല്‍ഹിയിലും ഇല്ലാത്ത സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് അംഗീകാരം തേടി കത്തയച്ചത്. 

ചീഫ് ജസ്റ്റിസിന് പുറമെ, ജഡ്ജിമാരായ ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍, എസ് അബ്ദുള്‍ നസീര്‍, കെ എം ജോസഫ് എന്നിവരാണ് കൊളീജിയത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കൊളീജിയത്തിലെ ഒരു ജഡ്ജി ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ അംഗീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പാലക്കാട് കല്‍പ്പാത്തി സ്വദേശിയാണ് കെ വി വിശ്വനാഥന്‍. ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ കൊളീജിയം അംഗീകരിക്കപ്പെടുന്ന പക്ഷം കെ ജി ബാലകൃഷ്ണനു ശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന മലയാളിയായി കെ വി വിശ്വനാഥന്‍ മാറിയേക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com