ത്രിശൂലം, ഉദയ സൂര്യൻ; ചിഹ്നത്തിന് അനുമതി തേടി ശിവസേന ഉദ്ധവ് താക്കറേ പക്ഷം

ത്രിശൂല ചിഹ്നത്തിനാണ് ഉദ്ധവ് താക്കറേ പക്ഷം പ്രഥമ പരിഗണന നല്‍കിയിട്ടുള്ളത്
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ന്യൂഡല്‍ഹി: അമ്പും വില്ലും ചിഹ്നം മരവിപ്പിച്ചതിന് പിന്നാലെ അന്ധേരി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പേരുകളും ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ സമര്‍പ്പിച്ച് ശിവസേന ഉദ്ധവ് താക്കറേ പക്ഷം. ശിവസേന ബാലസാഹേബ് താക്കറേ എന്ന പേരിനാണ് ഉദ്ധവ്പക്ഷം പ്രഥമ പരിഗണന നല്‍കുന്നത്. ശിവസേന ഉദ്ധവ് ബാലസാഹേബ് താക്കറേ എന്ന പേരിനാണ് രണ്ടാം പരിഗണന. 

ത്രിശൂലം, ഉദയ സൂര്യൻ എന്നീ ‌രണ്ട് ചിഹ്നങ്ങളും അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ത്രിശൂല ചിഹ്നത്തിനാണ് ഉദ്ധവ് താക്കറേ പക്ഷം പ്രഥമ പരിഗണന നല്‍കിയിട്ടുള്ളത്. ഉദയസൂര്യൻ ചിഹ്നത്തിന് രണ്ടാം പരി​ഗണനയും.

ചിഹ്നത്തെ ചൊല്ലി ഉദ്ധവ് താക്കറേ- ഏക്‌നാഥ് ഷിൻഡേ പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. പിന്നാലെയാണ് ഇന്നലെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ശിവസേന ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ചത്. തുടർന്ന് മൂന്ന് പേരുകളും ചിഹ്നങ്ങളും അടങ്ങിയ പട്ടിക സമര്‍പ്പിക്കാന്‍ ഇരു കൂട്ടര്‍ക്കും തെരഞ്ഞെടുപ്പു കമ്മീഷൻ നിര്‍ദേശം നല്‍കി. സമര്‍പ്പിക്കുന്ന പേരുകൾ, ചിഹ്നങ്ങൾ എന്നിവയിൽ നിന്നു ഒരോന്നു വീതം ഇരുകൂട്ടര്‍ക്കും അനുവദിക്കാനാണ് കമ്മീഷന്റെ തീരുമാനം.

തിരഞ്ഞെടുപ്പു കമ്മീഷന്റെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇരുപക്ഷത്തിനും പുതിയ പേരുകളും ചിഹ്നങ്ങളും തിരഞ്ഞെടുക്കേണ്ടി വരുന്നത്. 1989-ലാണ് ശിവസേനയ്ക്ക് അമ്പും വില്ലും ചിഹ്നം ലഭിക്കുന്നത്. അതിന് മുന്‍പ് വാളും പരിചയും, തെങ്ങ്, റെയില്‍വേ എന്‍ജിന്‍ തുടങ്ങിയ ചിഹ്നങ്ങളിലാണ് ശിവസേന തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. ഏക്‌നാഥ് ഷിന്ദേയും സംഘവും ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ അവകാശത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com