'തരൂരിന് ഇരട്ടമുഖം'; ഞങ്ങളോടൊന്ന് മാധ്യമങ്ങളോട് മറ്റൊന്ന്, തുറന്നടിച്ച് മധുസൂദന്‍ മിസ്ത്രി

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ശശി തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി
ശശി തരൂര്‍, മധുസൂദന്‍ മിസ്ത്രി
ശശി തരൂര്‍, മധുസൂദന്‍ മിസ്ത്രി

ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ശശി തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി. തരൂരിന് പാര്‍ട്ടിയില്‍ ഒരുമുഖവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു മുഖവുമാണെന്ന് മിസ്ത്രി തുറന്നടിച്ചു. വോട്ടെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നെന്ന തരൂരിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'എനിക്കിത് പറയുന്നതില്‍ ഖേദമുണ്ട്. ഞങ്ങളുടെ എല്ലാ മറുപടികളിലും തൃപ്തനാണെന്ന് എന്നോടു പറഞ്ഞ താങ്കള്‍, മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റൊരു മുഖം പുറത്തെടുത്തു'-മിസ്ത്രി പറഞ്ഞു. 

'നിങ്ങളുടെ അഭ്യര്‍ത്ഥനകള്‍ ഞങ്ങള്‍ അംഗീകരിച്ചു. എന്നാല്‍ അത് വകവയ്ക്കാതെ നിങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഗൂഢാലോചന നടത്തുന്നെന്ന് ആരോപിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോയി'-മധുസൂദന്‍ മിസ്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ എല്ലാ നടപടികളും തനിക്ക് എതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ തരൂര്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. 

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമക്കേട് ആരോപിച്ച് തരൂര്‍ രംഗത്തുവന്നിരുന്നു. വോട്ടര്‍മാരുടെ വിവരങ്ങള്‍ ലഭ്യമല്ല എന്നായിരുന്നു ആദ്യ ആരോപണം. പിന്നാലെ, വോട്ടിങ് രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം രംഗത്തെത്തി. സ്ഥാനാര്‍ത്ഥിയുടെ പേരിന് മുന്നില്‍ ഒന്ന് എന്നെഴുതണം എന്നായിരുന്നു ആദ്യം വോട്ടിങ് രീതിയായി തീരുമാനിച്ചിരുന്നത്.. ഇത് ബാലറ്റ് പേപ്പറില്‍ ആദ്യ പേരുകരാനായ ഖാര്‍ഗെയെ സഹായിക്കാനാണെന്ന് തരൂര്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വോട്ടിങ് രീതിയില്‍ മാറ്റം വരുത്തി ടിക് ചെയ്താല്‍ മതിയെന്നാക്കി. 

വോട്ടെണ്ണല്‍ ദിവസം, ഉത്തര്‍പ്രദേശിലെ ബാലറ്റ് പേപ്പറുകളില്‍ തിരിമറി നടന്നെന്ന് ആരോപിച്ച് തരൂരിന്റെ തെരഞ്ഞെടുപ്പ് ഏജന്റ് സല്‍മാന്‍ അനീസ് രംഗത്തുവന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com