ലിവ് ഇന്‍ ദമ്പതികളുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കുന്നത് അംഗീകരിക്കാനാവില്ല: ഹൈക്കോടതി

സമൂഹത്തിന്റെ മൂല്യങ്ങള്‍ക്കപ്പുറം രണ്ടു വ്യക്തികള്‍ക്കു തെരഞ്ഞെടുക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യവും ഉണ്ടെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പുര്‍: ലിവ് ഇന്‍ ബന്ധത്തില്‍ തുടരുന്നവരുടെ വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയും ഹനിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഒന്നിച്ചു താമസിക്കുന്ന വിഭാര്യനും വിധവയും നല്‍കിയ ഹര്‍ജിയിലാണ് ജയ്പുര്‍ ബെഞ്ചിലെ ജസ്റ്റിസ് ബീരേന്ദ്ര കുമാറിന്റെ നിരീക്ഷണം.

ജീവനു സുരക്ഷയും വ്യക്തി സ്വാതന്ത്ര്യത്തിനു പരിരക്ഷയും തേടിയാണ് ലിവ് ഇന്‍ ദമ്പതികള്‍ കോടതിയെ സമീപിച്ചത്. കുടുംബംഗങ്ങളില്‍ നിന്നുള്ള തങ്ങളുടെ ജീവനു ഭീഷണിയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. 

ഭാര്യയെ നഷ്ടപ്പെട്ട പരുഷനും ഭര്‍ത്താവ് മരിച്ച സ്ത്രീയും ഒരുമിച്ചാണ് താമസം. പുരുഷന്റെ കുടുംബാംഗങ്ങള്‍ ഇതിനെ എതിര്‍ക്കുകയാണ്. കുടുംബാംഗങ്ങള്‍ തങ്ങളെ അപകടപ്പെടുത്താനിടയുണ്ടെന്നും സുരക്ഷ നല്‍കാന്‍ പൊലീസിനു നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജിക്കാരുടെ സുരക്ഷയും വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നില്ലെന്നും ഉറപ്പു വരുത്താന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. ആരെങ്കിലും നിയമം കയ്യിലെടുത്ത് മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ല. അത്തരമൊരു സാഹചര്യത്തില്‍ നിയമം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കോടതി പറഞ്ഞു.

വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശം നിര്‍വചിക്കപ്പെടേണ്ടത് ഭരണഘടനാ ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ്. സമൂഹത്തിന്റെ ധാര്‍മികതയല്ല അതിനെ നയിക്കേണ്ടതെന്ന്, സുപ്രീം കോടതി വിധി ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. സമൂഹത്തിന്റെ മൂല്യങ്ങള്‍ക്കപ്പുറം രണ്ടു വ്യക്തികള്‍ക്കു തെരഞ്ഞെടുക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യവും ഉണ്ടെന്ന് കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com