എല്ലാ ക്ഷേത്രങ്ങളിലും മൊബൈല്‍ ഫോണ്‍ നിരോധിക്കണം; തമിഴ്‌നാട് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം
By സമകാലിക മലയാളം ഡെസ്ക് | Published: 03rd December 2022 10:45 AM |
Last Updated: 03rd December 2022 10:45 AM | A+A A- |

മദ്രാസ് ഹൈക്കോടതി/ഫയല്‍
മധുര: തമിഴ്‌നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും മൊബൈല്‍ ഫോണിന്റെ ഉപയോഗം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. മതപരമായ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ മൊബൈല്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് സംസ്ഥാന ദേവസ്വം വകുപ്പിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നല്‍കിയ നിര്‍ദേശം.
തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ മൊബൈല്‍ ഉപയോഗം വിലക്കണമെന്ന് ആവശ്യപ്പെടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ക്ഷേത്രത്തില്‍ എത്തുന്നവര്‍ ഒരു നിയന്ത്രണവുമില്ലാതെ ഫോട്ടോയും വിഡിയോയും ചിത്രീകരിക്കുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അനുഷ്ഠാനങ്ങള്‍ക്കു വിരുദ്ധമാണെന്നും ക്ഷേത്ര സുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞു. സ്ത്രീകളായ ഭക്തരുടെ ചിത്രം അവരുടെ അനുമതിയില്ലാതെ എടുക്കാനും അതു ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.
മധുര മീനാക്ഷി ക്ഷേത്രത്തില്‍ മൊബൈലിനു വിലക്കുണ്ടെന്നും അവിടെ ക്ഷേത്ര കവാടത്തിനു പുറത്ത് മൊബൈല്‍ സൂക്ഷിക്കാന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു.
മൊബൈല്‍ ഫോണിന്റെ ഉപയോഗം ഭക്തരുടെ ശ്രദ്ധ തിരിക്കുമെന്ന് ജസ്റ്റിസുമാരായ ആര്‍ മഹാദേവനും ജെ സത്യനാരായണ്‍ പ്രസാദും അഭിപ്രായപ്പെട്ടു. ക്ഷേത്ര വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ മൊബൈല്‍ ഉപയോഗം വിലക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ജീവന് അപകടത്തില്‍'; നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം; ഭാര്യക്കെതിരെ പരാതിയുമായി യുവാവ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ