ഭര്‍ത്താവിന്റെ അവിഹിത ബന്ധം നേരിട്ട് പറയാം, യുവതിയുടെയും കുഞ്ഞിന്റെയും മുഖത്ത് ആസിഡ് ഒഴിച്ചു; മുന്‍ കാമുകിക്കെതിരെ കേസ്- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2022 09:41 PM  |  

Last Updated: 06th December 2022 09:41 PM  |   A+A-   |  

acid_attack

ആസിഡ് ആക്രമണത്തിന്റെ ദൃശ്യം

 

മുംബൈ: മഹാരാഷ്ട്രയില്‍ ഭര്‍ത്താവിന്റെ മുന്‍ കാമുകിയുടെ ആസിഡ് ആക്രമണത്തില്‍ യുവതിക്കും കുഞ്ഞിനും ഗുരുതരമായി പൊള്ളലേറ്റു. ആളെ തിരിച്ചറിയാതിരിക്കാന്‍ ബുര്‍ഖ ധരിച്ച് സ്‌കൂട്ടറില്‍ എത്തിയ രണ്ടു സ്ത്രീകള്‍ പിന്നില്‍ നിന്നാണ് ഇരുവരെയും ആക്രമിച്ചത് എന്ന് പൊലീസ് പറയുന്നു.

നാഗ്പൂരില്‍ ശനിയാഴ്ചയാണ് സംഭവം. കുഞ്ഞിന്റെ കൈപിടിച്ച് റോഡിലൂടെ നടന്നുപോകുമ്പോഴാണ് ഇരുവര്‍ക്കും നേരെ ആക്രമണം ഉണ്ടായത്. ഇരുവരെയും തടഞ്ഞുനിര്‍ത്തിയ ശേഷം സ്‌കൂട്ടറിന്റെ പിന്നില്‍ ഇരുന്ന യാത്രക്കാരി പെട്ടെന്ന് തന്നെ ദേഹത്തേയ്ക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 യുവതിയുടെ ഭര്‍ത്താവിന്റെ മുന്‍ കാമുകിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ യുവതിക്കും ഒന്നര വയസുള്ള കുഞ്ഞിനും പൊള്ളലേറ്റു. സുഹൃത്തുമായി ഗൂഢാലോചന നടത്തിയ ശേഷമായിരുന്നു മുന്‍ കാമുകിയുടെ ആക്രമണം എന്നാണ് പൊലീസ് കരുതുന്നത്. 

യുവതിയെയും കുഞ്ഞിനെയും ഉടന്‍ തന്നെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും മുഖത്താണ് പൊള്ളലേറ്റത്. ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ കുറിച്ച് പറയാന്‍ ഉണ്ട് എന്ന വ്യാജേന മുന്‍ കാമുകി യുവതിയുടെ ഫോണില്‍ വിളിച്ചിരുന്നു. നേരിട്ട് കാണാമെന്ന് യുവതി മറുപടി നല്‍കുകയും ചെയ്തു. ഇതനുസരിച്ച് വരുമ്പോഴാണ് മുന്‍ കാമുകി ഇരുവര്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയതെന്നും പൊലീസ് പറയുന്നു. പ്രതിക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

 

ഈ വാര്‍ത്ത കൂടി വായിക്കൂ

അപകീര്‍ത്തികരമായ പരാമര്‍ശം; കോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞ് 'കശ്മീര്‍ ഫയല്‍സ്' സംവിധായകന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ