ചൈനയിലെ വകഭേദം ആദ്യമായി ഇന്ത്യയിലും; ജാഗ്രത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2022 06:52 PM  |  

Last Updated: 21st December 2022 06:52 PM  |   A+A-   |  

covid cases

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: ചൈനയില്‍ കോവിഡ് വ്യാപനത്തിനു കാരണമായെന്ന് സംശയിക്കുന്ന വകഭേദം ഇന്ത്യയിലും കണ്ടെത്തി. ബിഎഫ് 7 ഒമൈക്രോൺ വകഭേദം ഗുജറാത്തില്‍ 61 വയസ്സുകാരിക്കാണ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്ന് അടുത്തിടെയാണ് ഇവര്‍ മടങ്ങിയെത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് ബിഎഫ് 7 വകഭേദം സ്ഥിരീകരിക്കുന്നത്. അതിവേഗം പടരുന്ന വകഭേദമാണ് ബിഎഫ് 7 എന്നാണ് റിപ്പോര്‍ട്ട്. 

ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യാന്തര യാത്രക്കാരുടെ സ്രവസാംപിളുകള്‍ ശേഖരിക്കുന്നത് പുനരാരംഭിച്ചു. കൊറോണ വൈറസ് റാന്‍ഡം പരിശോധനയാണ് തുടങ്ങിയത്. 

നിലവില്‍ രാജ്യത്ത് കൊറോണ വൈറസിന്റെ 10 വ്യത്യസ്ത വകഭേദങ്ങളാണുള്ളത്. ഏറ്റവും പുതിയ വേരിയന്റ് ബിഎഫ്.7 ആണ്. നിലവില്‍ ഒമൈക്രോണിന്റെ വിവിധ വകഭേദങ്ങളാണ് രാജ്യത്ത് പ്രചരിക്കുന്നത്. അതേസമയം ഡെല്‍റ്റ വകഭേദം പൂര്‍ണമായും പോയിട്ടില്ലെന്നും ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു. 

കോവിഡിനെതിരെ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. നിരീക്ഷണം ശക്തമാക്കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സജ്ജമാണെന്നും ഉന്നതതലയോഗത്തിന് ശേഷം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

ജനക്കൂട്ടങ്ങളുള്ള സ്ഥലം, അടച്ചിട്ട സ്ഥലം തുടങ്ങി എല്ലാ സ്ഥലത്തും ജനങ്ങള്‍  മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് നീതി ആയോഗ് ( ഹെല്‍ത്ത്) അംഗം ഡോ. വി കെ പോള്‍ ആവശ്യപ്പെട്ടു. ഗുരുതര രോഗങ്ങളുള്ളവരും പ്രായമായവരും ഇത് കര്‍ശനമായും പാലിക്കണം. രാജ്യത്ത് 27-28 ശതമാനം പേര്‍ മാത്രമാണ് മുന്‍ കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. പ്രായമേറിയവര്‍ നിര്‍ബന്ധമായും കരുതല്‍ ഡോസ് സ്വീകരിക്കണം. പ്രതിരോധത്തിന്റെ ഭാഗമായി എല്ലാവരും കരുതല്‍ ഡോസ് സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ഡോ. വി കെ പോള്‍ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മാസ്‌ക് നിര്‍ബന്ധം, ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; കരുതല്‍ ഡോസ് എടുക്കണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ