ഹിജാബ് വിവാദം: പെണ്‍കുട്ടികളുടെ ഭാവി കൊള്ളയടിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി; എന്തുകൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിര്‍ബന്ധമാക്കുന്നില്ലെന്ന് ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2022 03:02 PM  |  

Last Updated: 05th February 2022 03:02 PM  |   A+A-   |  

rahul bjp

രാഹുൽ ​ഗാന്ധി, നളിൻ കുമാർ കട്ടീൽ/ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ സ്‌കൂളുകളില്‍ തടഞ്ഞ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ഹിജാബിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ പെണ്‍കുട്ടികളുടെ ഭാവിയെയാണ് കൊള്ളയടിക്കുന്നത്. 

വിദ്യാഭ്യാസത്തെയും ബിജെപി വര്‍ഗീയവത്കരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. സരസ്വതി ദേവി എല്ലാവര്‍ക്കുമായിട്ടാണ് അറിവ് നല്‍കുന്നത്. അതില്‍ വേര്‍തിരിവ് കാണിക്കാറില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. 

രാഹുലിന്റെ പ്രസ്താവനക്കെതിരെ കര്‍ണാടക ബിജെപി നേതൃത്വം രംഗത്തെത്തി. രാഹുല്‍ഗാന്ധി ഇന്ത്യയുടെ ഭാവിക്ക് അപകടമാണെന്ന് വീണ്ടും തെളിയിച്ചു. വിദ്യാഭ്യാസത്തിന് ഹിജാബ് അത്യാവശ്യമാണെങ്കില്‍, എന്തുകൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് നിര്‍ബന്ധമാക്കാന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെടുന്നില്ലെന്നും ബിജെപി നേതൃത്വം ട്വീറ്റില്‍ ചോദിച്ചു. 

സ്‌കൂളുകള്‍ മതവിശ്വാസം പ്രകടിപ്പിക്കേണ്ട സ്ഥലമല്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ച യൂണിഫോം മാത്രമേ അനുവദിക്കൂ എന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും പറഞ്ഞു. 

സ്‌കൂളുകളിലും കോളേജിലും ഹിജാബ് നിരോധിച്ചതിന് എതിരായ ഹര്‍ജികള്‍ തിങ്കളാഴ്ച കര്‍ണാടക ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ തല്‍സ്ഥിതി തുടരാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.