കശ്മീര്‍ വിഘടനവാദത്തെ അനുകൂലിച്ച് ഹ്യുണ്ടായി പാകിസ്ഥാന്റെ പോസ്റ്റ്, ദക്ഷിണ കൊറിയന്‍ പ്രതിനിധിയെ വിളിച്ച് വരുത്തി; പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇന്ത്യയിലെ ജനങ്ങളെ വേദനിപ്പിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ അറിയിച്ചു
ഹ്യൂണ്ടായി, ഫയല്‍/ എപി
ഹ്യൂണ്ടായി, ഫയല്‍/ എപി

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തെ അനുകൂലിച്ച് ഹ്യൂണ്ടായി പാകിസ്ഥാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളില്‍ ദക്ഷിണ കൊറിയന്‍ നയതന്ത്രപ്രതിനിധിയെ വിളിച്ച് വരുത്തി ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി. ഹ്യുണ്ടായി പാകിസ്ഥാന്റെ പ്രവൃത്തിയില്‍ ഇന്ത്യയിലെ ദക്ഷിണ കൊറിയന്‍ അംബാസഡറെ വിളിച്ചു വരുത്തിയാണ് അതൃപ്തി രേഖപ്പെടുത്തിയതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഇന്ത്യയിലെ ജനങ്ങളെ വേദനിപ്പിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

സിയോള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഹ്യൂണ്ടായിയുടെ പാകിസ്ഥാന്‍ ഡീലറാണ് കശ്മീരിലെ വിഘടനവാദി നേതാക്കളെ അനുകൂലിക്കുന്ന സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സംഭവം വിവാദമായതിന് പിന്നാലെയാണ് ഇന്ത്യയിലെ ദക്ഷിണ കൊറിയന്‍ അംബാസഡറെ ഇന്ത്യ വിളിച്ചു വരുത്തി പ്രതിഷേധം രേഖപ്പെടുത്തിയത്. സംഭവത്തില്‍ ദക്ഷിണ കൊറിയന്‍ വിദേശകാര്യമന്ത്രി ഖേദം പ്രകടിപ്പിച്ചതായി അരിന്ദം ബാഗ്ചി അറിയിച്ചു.

ഹ്യൂണ്ടായി മോട്ടേഴ്‌സും സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളോട് മാപ്പു പറയുന്നതായി ഹ്യൂണ്ടായി മോട്ടേഴ്‌സ് അറിയിച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയുടെ അഖണ്ഡതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഒരുവിധത്തിലുമുള്ള വീട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് അരിന്ദം ബാഗ്ചി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com