'ശുഭമുഹൂർത്തം ആയില്ല', ഭാര്യക്കായി ഭർത്താവ് കാത്തിരുന്നത് 10 വർഷം; വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി 

11 ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റായ്പൂർ: ശുഭമുഹൂർത്തം ആയില്ലെന്ന കാരണം പറഞ്ഞ് 10 വർഷമായി ദാമ്പത്യ ജീവിതത്തിൽ നിന്ന്​ വിട്ടുനിന്ന ഭാര്യയിൽ നിന്ന്​ ഭർത്താവിന്​ വിവാഹമോചനം അനുവദിച്ചു. ഛത്തീസ്ഗഡ് ഹൈക്കോടതിയാണ് വിവാഹബന്ധം വേർപെടുത്താൻ ഉത്തരവിട്ടത്. സന്തുഷ്ട കുടുംബജീവിതത്തിനാണ് ശുഭമുഹൂർത്തമെന്നും ഇവിടെ ഭാര്യ അവരുടെ ദാമ്പത്യം ആരംഭിക്കുന്നതിനുള്ള ഒരു തടസമായി അത്​ ഉപയോഗിച്ചതായി തോന്നുന്നെന്നും കോടതി നിരീക്ഷിച്ചു. 

ജസ്റ്റിസുമാരായ​ ഗൗതം ബദുരിയും രജനി ദുബെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചന ഉത്തരവിലൂടെ ബന്ധം വേർപെടുത്താൻ ഉത്തരവിട്ടത്. വിവാഹമോചന ഹർജി തള്ളിയ കുടുംബകോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് സന്തോഷ് സിങ്​ എന്നയാൾ ഹൈകോടതിയെ സമീപിച്ചത്​.

2010 ജൂലൈയിലാണ് സന്തോഷും ഭാര്യയും വിവാഹിതരായത്. 11 ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. വീട്ടിൽ ചില പ്രധാന ജോലികളുണ്ടെന്ന് പറഞ്ഞ് യുവതിയുടെ ബന്ധുക്കൾ അവരെ കൂട്ടിക്കൊണ്ടുപോയെന്നാണ് സന്തോഷ് ഹർജിയിൽ പറയുന്നത്. രണ്ടുതവണ തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും മംഗളസമയമല്ലെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു.  ഭർത്താവിനൊപ്പം പോകാൻ തയാറാണെന്നും എന്നാൽ ശുഭമുഹൂർത്തം ആരംഭിച്ചപ്പോൾ തന്നെ തിരികെ കൊണ്ടുപോകാൻ അദ്ദേഹം എത്തിയില്ലെന്നുമാണ് ഭാര്യയുടെ ആരോപണം. ഈ വാദം വിചാരണ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com