'വസ്ത്രം അഴിച്ചില്ലെങ്കിൽ ആൺകുട്ടികളെക്കൊണ്ട് ഊരിമാറ്റിക്കും', എട്ടാം ക്ലാസുകാരിയെ വിവസ്ത്രയാക്കി പരിശോധന; പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ

ക്ലാസിൽ കൊണ്ടു വന്ന മൊബൈൽ ഫോൺ കണ്ടെത്താനെന്ന പേരിലാണ് വസ്ത്രം ഊരിമാറ്റി കുട്ടിയെ പരിശോധിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൈസൂരു; മൊബൈൽ ഫോൺ കൊണ്ടുവന്നതിന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വിവസ്ത്രയാക്കി പ്രധാനാധ്യാപിക. മാണ്ഡ്യയിലെ ശ്രീരംഗപട്ടണയിലുള്ള ഗനൻഗൊരു ഗ്രാമത്തിലെ സർക്കാർ ഹൈസ്കൂളിലാണ് സംഭവം. ക്ലാസിൽ കൊണ്ടു വന്ന മൊബൈൽ ഫോൺ കണ്ടെത്താനെന്ന പേരിലാണ് വസ്ത്രം ഊരിമാറ്റി കുട്ടിയെ പരിശോധിച്ചത്. സംഭവം വിവാദമായതോടെ പ്രധാനാധ്യാപിക സ്നേഹലതയെ വിദ്യാഭ്യാസവകുപ്പ് സസ്പെൻഡ് ചെയ്തു. 

ആൺകുട്ടികളെക്കൊണ്ട് വസ്ത്രം ഊരിക്കുമെന്ന് ഭീഷണി

മൊബൈൽ ഫോൺ കൊണ്ടുവന്നത് ശ്രദ്ധയിൽപ്പെട്ട പ്രധാനാധ്യാപിക വിദ്യാർഥിനിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി നിർബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയായിരുന്നു. വസ്ത്രം അഴിച്ചില്ലെങ്കിൽ ആൺകുട്ടികളെക്കൊണ്ട് ഊരിമാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മൊബൈൽ കൊണ്ടുവന്നതിന് വിദ്യാർഥിനി മാപ്പുപറഞ്ഞെങ്കിലും പ്രധാനാധ്യാപിക കൂട്ടാക്കിയില്ല. സ്കൂൾ വിട്ടശേഷം വിദ്യാർഥിനി വീട്ടിലെത്തി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. 

സസ്പെൻഷൻ കുട്ടികളിൽ നിന്ന് വിവരം ശേഖരിച്ച ശേഷം

രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി. തുടർന്ന് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശപ്രകാരം ശ്രീരംഗപട്ടണ തഹസിൽദാർ ശ്വേത രവീന്ദ്ര സ്കൂളിലെത്തി വിദ്യാർഥിനിയിൽനിന്നും മറ്റു കുട്ടികളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. ഇതിനുശേഷമാണ് സസ്പെൻഷൻ നടപടിയിലേക്ക് കടന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടർ രഘുനന്ദൻ പറഞ്ഞു. സംഭവം പോക്സോ നിയമത്തിന്റെ പരിധിയിൽപ്പെടുന്നതിനാൽ പ്രധാനാധ്യാപികയ്ക്കെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com