സുരക്ഷാ വീഴ്ച; പഞ്ചാബിൽ പുതിയ പൊലീസ് മേധാവി; വികെ ഭാവ്‌ര ഡിജിപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2022 09:32 PM  |  

Last Updated: 08th January 2022 09:32 PM  |   A+A-   |  

bhawra

ഫോട്ടോ: ട്വിറ്റർ

 

ചണ്ഡീഗഢ്: പഞ്ചാബിൽ പുതിയ പൊലീസ് മേധാവിയായി വിരേഷ് കുമാർ ഭാവ്‌രയെ സംസ്ഥാന സർക്കാർ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപാണ് നിയമനം.

സംസ്ഥാനത്ത് 100 ദിവസത്തിനിടെ ഇതു മൂന്നാമത്തെ ഡിജിപിയാണ്. യുപിഎസ്‌സി മുന്നോട്ടുവച്ച മൂന്നുപേരുടെ പട്ടികയിൽ നിന്നാണ് ഭാവ്‌രയെ തിരഞ്ഞെടുത്തത്. ദിനകർ ഗുപ്ത, പ്രബോധ് കുമാർ എന്നിവരാണ് പട്ടികയിലെ മറ്റു രണ്ട് പേർ. വികെ ഭാവ്‌രയ്ക്ക് രണ്ട് വർഷം കാലാവധി ഉണ്ടാകും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ തുടർന്ന് താത്കാലിക ഡിജിപിയായിരുന്ന സിദ്ധാർഥ് ചതോപാധ്യായ്ക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. നേരത്തേ, ഇക്ബാൽ പ്രീത് സിങ് സഹോതയെ മാറ്റിയാണ് ചതോപാധ്യായയെ നി‌യമിച്ചത്.