'തെറ്റു പറ്റി, സമ്മതിക്കുന്നു'  ഖേദപ്രകടനത്തിന് രാഷ്ട്രപതിയെ കാണാന്‍ സമയം തേടി അധീര്‍ രഞ്ജന്‍

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരേയുള്ള വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി.  രാഷ്ട്രപതിയെ രാഷ്ട്രപത്‌നിയെന്നാണ് അധീർ ര‍ഞ്ജൻ ചൗധരി വിശേഷിപ്പിച്ചത്. പരാമർശം തനിക്ക് സംഭവിച്ച നാക്കുപിഴയാണെന്ന് അധീർ വ്യക്തമാക്കി. രാഷ്ട്രപതിക്ക് ദുഃഖമുണ്ടായെങ്കിൽ നേരിൽ കണ്ട് മാപ്പ് പറയാൻ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇതിനെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിശദീകരണം.

'എന്റെ തെറ്റ് ഞാൻ അംഗീകരിക്കുന്നു. പക്ഷേ തെരഞ്ഞെടുപ്പ് സമയത്ത് സോണിയാ ഗാന്ധിയെക്കുറിച്ചും ശശി തരൂരിന്റെ ഭാര്യയെക്കുറിച്ചും രേണുക ചൗധരിയെക്കുറിച്ചുമൊക്കെ അവർ എന്താണ് പറഞ്ഞിരുന്നത്. ഞാൻ രാഷ്ട്രപതിയോട് സമയം തേടിയിട്ടുണ്ട്. നാളെ അല്ലെങ്കിൽ അടുത്ത ദിവസം അപ്പോയിന്റ്മെന്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞാൻ അവരുമായി വ്യക്തിപരമായി സംസാരിക്കും'- അധീർ വ്യക്തമാക്കി.

രാഷ്ട്രപതിയെ അപമാനിക്കുക എന്നത് തനിക്ക് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. നാക്കുപിഴ മൂലം ഒരു തെറ്റുപറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. വിവാദ പരമാര്‍ശത്തിന്റെ പേരില്‍ തന്നെ ക്രൂശിച്ചോളു, എന്നാല്‍ ഈ വിഷയത്തിലേക്ക് ബിജെപി നേതാക്കള്‍ അനാവശ്യമായി സോണിയാ ഗാന്ധിയെ വലിച്ചിഴക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. രാവിലെ സഭ ചേരുന്നതിന് മുമ്പുതന്നെ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന് ലോക്സഭ ചേര്‍ന്നതോടെ സഭയിലും സ്മൃതി ഇറാനി പ്രശ്നം ഉയര്‍ത്തി. രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമനും വിഷയം ഉന്നയിച്ചു. 

കോണ്‍ഗ്രസും സോണിയാ ഗാന്ധിയും ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് എതിരാണെന്നും സോണിയാ ഗാന്ധി ഇതിന് കൂട്ടുനിന്നുവെന്നും അവര്‍ മാപ്പ് പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. പരാമര്‍ശം ബോധപൂര്‍വമുള്ള ലൈംഗിക അവഹേളനമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമനും പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com