വെന്നിക്കൊടി ആര് നാട്ടും?; അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധി ഇന്നറിയാം; ആകാംക്ഷയോടെ രാജ്യം

രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. പത്തുമണിയോടെ ആദ്യഫലങ്ങൾ പുറത്തുവരും
നരേന്ദ്രമോദി, യോഗി ആദിത്യനാഥ്, രാഹുല്‍ഗാന്ധി/ ഫയല്‍
നരേന്ദ്രമോദി, യോഗി ആദിത്യനാഥ്, രാഹുല്‍ഗാന്ധി/ ഫയല്‍

ന്യൂഡൽഹി: നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഗോവ സംസ്ഥാനങ്ങളിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. തപാൽവോട്ടുകളാണ് ആദ്യമെണ്ണുക. പത്തുമണിയോടെ ആദ്യഫലങ്ങൾ പുറത്തുവരും. ദേശീയ രാഷ്ട്രീയത്തിന്റെ ഭാവി പ്രവചിക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ജനവിധിയിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം.

ഉത്തർപ്രദേശിൽ യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി ഭരണം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പറയുന്നത്.   പഞ്ചാബിൽ കോൺ​ഗ്രസിനെ പിന്തള്ളി ആം ആദ്മി പാർട്ടി ചരിത്ര വിജയം കുറിക്കും. ഉത്തരാഖണ്ഡിലും ഗോവയിലും തൂക്ക് മന്ത്രിസഭ വരുമെന്നുമാണ് പ്രവചനങ്ങൾ.

തെരഞ്ഞെടുപ്പിന് ശേഷമുള്ള കൂട്ടുകെട്ടുകൾക്കായി പാർട്ടികൾ അണിയറയിൽ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി കഴിഞ്ഞു. ഏറ്റവും കൂടുതൽ എംപിമാരെ ലോക്‌സഭയിലേക്ക് അയക്കുന്ന സംസ്ഥാനം, 2024-ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി ഏറെ ഉറ്റുനോക്കുന്ന സംസ്ഥാനം എന്നീ നിലകളിൽ ഉത്തർപ്രദേശിലെ ജനവിധി ബിജെപിക്കും നരേന്ദ്ര മോദി സർക്കാരിനും നിർണായകമാണ്.

അതേസമയം യുപിയിൽ ബിജെപിയെ പുറത്താക്കി അധികാരം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് സമാജ് വാദി പാർട്ടിയും ബിഎസ്പിയും.
ഉത്തർപ്രദേശിൽ 403 സീറ്റുകളിലേക്കും പഞ്ചാബിൽ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും മണിപ്പുരിൽ 60 സീറ്റുകളിലേക്കും ഗോവയിൽ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com