മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നു, നിരസിച്ചതിന് തുടര്‍ച്ചയായി ഉപദ്രവം; കലക്ടര്‍ ഓഫീസിന് മുന്നില്‍ സ്ത്രീ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് സ്ത്രീ ആത്മാഹുതിക്ക് ശ്രമിച്ചു
കലക്ടര്‍ ഓഫീസിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന സ്ത്രീയുടെ ദൃശ്യം
കലക്ടര്‍ ഓഫീസിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന സ്ത്രീയുടെ ദൃശ്യം

ചെന്നൈ: മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് സ്ത്രീ ആത്മാഹുതിക്ക് ശ്രമിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരം കലക്ടര്‍ ഓഫീസിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീയെ പൊലീസുകാരും അധികൃതരും ചേര്‍ന്നാണ് തടഞ്ഞത്. കുടുംബത്തില്‍പ്പെട്ടയാള്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇതിന്റെ പേരില്‍ ഉപദ്രവിക്കുന്നുവെന്നും ആരോപിച്ചാണ് സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

രാമനാഥപുരം പച്ചേരി ഗ്രാമത്തിലെ വളര്‍മതിയാണ് കലക്ടര്‍ ഓഫീസിന് പുറത്ത് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. കുടുംബത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഗ്രാമത്തില്‍ താമസിക്കുന്ന ബന്ധു ദേവ്ദാസ് നിര്‍ബന്ധിക്കുന്നു എന്നതാണ് വളര്‍മതിയുടെ ആരോപണം. ഇതിന് തയ്യാറാവാതെ വന്നതോടെ  ദേവ്ദാസിന്റെ കുടുംബം ഉപദ്രവിക്കാന്‍ തുടങ്ങിയതായും പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്നും അവര്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് കലക്ടര്‍ ഓഫീസിന് മുന്നില്‍ ആത്മാഹുതി നടത്താന്‍ തീരുമാനിച്ചതെന്നും വളര്‍മതി പറയുന്നു.

കഴിഞ്ഞദിവസമാണ് വളര്‍മതി കലക്ടര്‍ ഓഫീസില്‍ എത്തിയത്. തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാരും അധികൃതരും സ്ത്രീയെ അതില്‍ നിന്ന് തടയുകയായിരുന്നു.

'എന്റെ വീട്ടിലേക്കുള്ള വഴി ദേവ്ദാസ് അടച്ചു. എനിക്കെതിരെ ദേവ്ദാസ് കള്ളക്കേസ് കൊടുത്തു. കോടതിയില്‍ പോയപ്പോള്‍ ഞങ്ങള്‍ക്ക് അനുകൂലമായി വിധി പറഞ്ഞു. തുടര്‍ന്ന് വണ്ടിയോടിച്ച് കയറ്റി കൊല്ലാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്' - വളര്‍മതി പറയുന്നു. എന്നാല്‍ പൊലീസില്‍ നിന്ന് യാതൊരുവിധ സഹായവും ലഭിച്ചില്ലെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ ഭൂമി തര്‍ക്കമാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com