2014ല്‍ മോദിയുടെ സഹായി, യുപിയില്‍ ബിജെപി വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രം; പ്രശാന്ത് കിഷോറിന്റെ പഴയ ചങ്ങാതി: ആരാണ് കോണ്‍ഗ്രസിന്റെ പുതിയ 'രാഷ്ട്രീയ തന്ത്രജ്ഞന്‍?'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2022 05:07 PM  |  

Last Updated: 24th May 2022 05:07 PM  |   A+A-   |  

Congress

പ്രതീകാത്മക ചിത്രം

 

2024 ലോക്‌സഭ തെരഞ്ഞെടുപ്പ് പിടിക്കാന്‍ പ്രശാന്ത് കിഷോറിനെ ഒഴിവാക്കി കോണ്‍ഗ്രസ് കൂട്ടു പിടിച്ചിരിക്കുന്നത് നിര്‍ണായക തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ച രാഷ്ട്രീയ തന്ത്രജ്ഞനായ സുനില്‍ കനുഗോലുവിനെ. 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, 2017 ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ച സുനില്‍, പ്രശാന്ത് കിഷോറിന്റെ ടീമിലെ മുന്‍ അംഗം കൂടിയാണ്. 

വരുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടെയാണ് സുനിലിനെ പാര്‍ട്ടിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

2014ല്‍ നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് ക്യാമ്പയിനുകള്‍ക്ക് നേതൃത്വം നല്‍കിയ സംഘത്തിലെ പ്രധാനിയായിരുന്നു സുനില്‍. പിന്നീട് പ്രശാന്ത് കിഷോറിന്റെ സിറ്റിസണ്‍ ഫോര്‍ അക്കൗണ്ടബിള്‍ ഗവേര്‍ണന്‍സ് ടീമിന്റെ ഭാഗമായി ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. 

2016ലാണ് ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുക്കാനായി ബിജെപി സുനിലിനെ നിയോഗിച്ചത്. ഇത് പ്രശാന്ത് കിഷോറുമായി തെറ്റിപ്പിരിയുന്നതിന് കാരണമായി. ഗുജറാത്ത് വ്യവസായി ദീപക് പട്ടേല്‍, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ ഹിമാന്‍ഷു സിങ് എന്നിവരുമായി ചേര്‍ന്നാണ് അന്ന് സുനില്‍ പ്രവര്‍ത്തിച്ചത്. 

പതിനാല് തെരഞ്ഞെടുപ്പുകളില്‍ വിവിധ പാര്‍ട്ടികള്‍ക്ക് വേണ്ടി സുനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതില്‍ 9എണ്ണവും ബിജെപിക്ക് വേണ്ടിയായിരുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും വേണ്ടിയും പഞ്ചാബില്‍ അകാലിദളിന് വേണ്ടിയും സുനിലിന്റെ ടീം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

കര്‍ണാടകയിലെ ബല്ലാരിയില്‍ ജനിച്ച അദ്ദേഹം, ചെന്നൈയിലാണ് നിലവില്‍ താമസം. പ്രശാന്ത് കിഷോറിന്റെ പ്രവര്‍ത്തനങ്ങള്‍ വിപരീതമായി, മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന സമീപനമാണ് സുനില്‍ സ്വീകരിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലും സുനില്‍ സജീവമല്ല. 

ഈ വാര്‍ത്ത കൂടി വായിക്കാം 'കുടുംബവാഴ്ച വേണ്ട'; യെഡിയൂരപ്പയുടെ മകന് സീറ്റ് നല്‍കാതെ ബിജെപി​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ