'ചില രാജ്യങ്ങളുടെ വിദേശ നയം തന്നെ ഭീകരവാദമാണ്; വേരോടെ പിഴുതെറിയാതെ ഇന്ത്യ വിശ്രമിക്കില്ല'- മോദി

ആഗോള ഭീകരതയ്‌ക്കെതിരേയും ഒളിഞ്ഞും തെളിഞ്ഞും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരേയും ലോകം ഒറ്റക്കെട്ടായി നില്‍ക്കണം
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: വിദേശ നയത്തിന്റെ ഭാഗമായി ചില രാജ്യങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഭീകരതയ്ക്ക് പണമില്ല' എന്ന പേരില്‍ നടക്കുന്ന മന്ത്രിതല സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 78 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ മുന്നില്‍ നിര്‍ത്തിയായിരുന്നു മോദി പാകിസ്ഥാനെയും ചൈനയേയും പരോക്ഷമായി കടന്നാക്രമിച്ചത്.

'ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാ തരത്തിലുള്ള പിന്തുണയും അത്തരം രാജ്യങ്ങള്‍ നല്‍കുന്നു. ഭീകരര്‍ക്ക് രാഷ്ട്രീയമായും സൈദ്ധാന്തികമായും സാമ്പത്തികമായും അവര്‍ പിന്തുണ നല്‍കുന്നു'- പാകിസ്ഥാനേയും ചൈനയേയും പരോക്ഷമായി കുറ്റപ്പെടുത്തി മോദി വ്യക്തമാക്കി. 

ഇത്തരത്തില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ചെലവ് ചുമത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണം. ആഗോള ഭീകരതയ്‌ക്കെതിരേയും ഒളിഞ്ഞും തെളിഞ്ഞും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരേയും ലോകം ഒറ്റക്കെട്ടായി നില്‍ക്കണം. 

നിഴല്‍ യുദ്ധങ്ങള്‍ അപകടകരമാണ്. ഭീകരവാദികളെ പിന്തുണയ്ക്കുന്ന സംഘടനകളേയും വ്യക്തികളേയും ഒറ്റപ്പെടുത്തണം. എല്ലാ തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങളും ഒരേ തരത്തിലുള്ള നടപടി അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഒറ്റ ആക്രമണമായാലും ഒരു ജീവന്‍ പോലും നഷ്ടമായതായാലും എല്ലാം ഒരു പോലെയാണെന്ന് ഇന്ത്യ കണക്കാക്കുന്നു. ഭീകരതയെക്കുറിച്ച് ലോകം ഗൗരവമായി കാണുന്നതിന് എത്രയോ മുന്‍പ് തന്നെ ഇന്ത്യ അതിന്റെ ഇരുണ്ട മുഖം കണ്ടതാണ്. ആയിരക്കണക്കിന് ജീവനുകളാണ് ഇന്ത്യക്ക് നഷ്ടമായത്. എന്നിട്ടും പതറാതെ ഇന്ത്യ ധീരമായി തന്നെ ഭീകരതയ്‌ക്കെതിരെ പോരാടി. ഭീകരവാദത്തെ വേരോടെ പിഴുതെറിയുന്നതു വരെ ഇന്ത്യക്ക് വിശ്രമമില്ലെന്നും മോദി വ്യക്താക്കി. 

സമ്മേളനത്തിന്റെ മൂന്നാം അധ്യായമാണ് നടക്കുന്നത്. വിവിധ രാജ്യങ്ങളുടെയും ബഹുമുഖ സംഘടനകളുടെയും പ്രതിനിധികള്‍ ഭീകരതയെ നേരിടാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും തീവ്രവാദത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിനെക്കുറിച്ചും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com