തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു രൂപയുടെ പതിനായിരം നാണയങ്ങള്‍; ചേരി ഒഴിപ്പിച്ചതില്‍ പ്രതിഷേധം, മത്സരത്തിനിറങ്ങി കൂലിത്തൊഴിലാളി

2019ല്‍ വന്‍കിട ഹോട്ടലിന് വഴിയൊരുക്കാനായി ഇദ്ദേഹം താമസിച്ചിരുന്ന ചേരി സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലാണ് ഗുജറാത്ത്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കടുത്ത പ്രചാരണത്തിലാണ്. ബിജെപിയും എഎപിയും കോണ്‍ഗ്രസും ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പില്‍, സ്വതന്ത്രരായി മത്സര രംഗത്തിറങ്ങിയവരും കുറവല്ല. അങ്ങനെയൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് കെട്ടിവയ്ക്കാനായി കൂലിപ്പണിക്കാരനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നല്‍കിയത് ഒരു രൂപയുടെ പതിനായിരം നാണയങ്ങളാണ്. ഗാന്ധിനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന മഹേന്ദ്ര പട്ടാണിയാണ് ഇലക്ഷന്‍ കമ്മീഷന് ഒരു രൂപ നാണയങ്ങള്‍ നല്‍കിയത്. 

ചേരി നിവാസികളില്‍ നിന്നും കൂലിപ്പണിക്കാരില്‍ നിന്നും പിരിച്ചെടുത്ത പണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. 2019ല്‍ വന്‍കിട ഹോട്ടലിന് വഴിയൊരുക്കാനായി ഇദ്ദേഹം താമസിച്ചിരുന്ന ചേരി സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മഹേന്ദ്ര തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. 

ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിന് സമീപത്തെ ചേരിയില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട 521 കുടുംബങ്ങളാണ് തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് മഹേന്ദ്ര പറഞ്ഞു. 2010ലും 2019ലും ചേരിയിലെ താമസക്കാരെ കുടിയൊഴിപ്പിച്ചെന്നും മഹേന്ദ്ര പറഞ്ഞു. 2010ല്‍ മഹാത്മാ ഗാന്ധിക്ക് മ്യൂസിയം നിര്‍മ്മിക്കാന്‍ വേണ്ടിയാണ് കുടിയൊഴിപ്പിച്ചത്. 

521പേരെ കുടിയൊഴിപ്പിച്ചത് വലിയൊരു ഹോട്ടലിന് വേണ്ടി വഴിയൊരുക്കാനായിരുന്നു എന്നും മഹേന്ദ്ര ആരോപിക്കുന്നു. ഇപ്പോള്‍ താമസിക്കുന്നിടത്ത് വെള്ളവും വെളിച്ചവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നോടൊപ്പമുള്ള കൂലിത്തൊഴിലാളികളിലാണ് തന്റെ വിശ്വാസമെന്നും മഹേന്ദ്ര പട്ടാണി കൂട്ടിച്ചേര്‍ത്തു. 

സര്‍ക്കാരിനോടുള്ള ദേഷ്യത്തെ തുടര്‍ന്നാണ് ചേരിയിലെ താമസക്കാരും മറ്റു തൊഴിലാളികളും ചേര്‍ന്ന് തനിക്ക് പതിനായിരത്തിന്റെ ഒരു രൂപ നാണയം പിരിച്ചു തന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തങ്ങളെ തേടിയെത്തി വാഗ്ദാനങ്ങള്‍ നല്‍കും. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അവരത് മറക്കുകയും ചെയ്യുമെന്നും മഹേന്ദ്ര പറഞ്ഞു. 

സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ പിന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട കാര്യമില്ല. സ്ഥിര താമസത്തിന് സ്ഥലമാണ് ഞങ്ങള്‍ക്ക് വേണ്ടത്. മറ്റൊരു കുടിയിറക്കലിന് ഞങ്ങള്‍ക്ക് താത്പര്യമില്ല. ചെറുകിട കച്ചവടക്കാര്‍ ഉപയോഗിക്കുന്ന ചെറിയ വണ്ടികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിച്ചുകൊണ്ടുപോയി. അത് തിരികെ തരണമെങ്കില്‍ 3000 പൂ പിഴ നല്‍കണമെന്നാണ് പറയുന്നത്. ഇത് അവസാനിപ്പിക്കണം.- മഹേന്ദ്ര പറഞ്ഞു. 

182 അംഗ നിയമസഭയിലേക്ക് രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 1നും 5നുമാണ് വോട്ടെടുപ്പ്. ഡിസംബര്‍ 8നാണ് വോട്ടെണ്ണല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com