തനിച്ച് വരരുത്, സ്ത്രീകളുടെ പ്രവേശനം നിരോധിച്ച് ഡല്‍ഹി ജുമാമസ്ജിദ്; വിവാദം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 04:42 PM  |  

Last Updated: 24th November 2022 04:42 PM  |   A+A-   |  

JAMA_MASJID

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഡല്‍ഹി ജുമാ മസ്ജിദില്‍ പെണ്‍കുട്ടികള്‍ക്ക് തനിച്ചുള്ള പ്രവേശനത്തിന് നിരോധനം ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച് മസ്ജിദിന്റെ പുറത്ത് ഭരണസമിതി നോട്ടീസ് പതിക്കുകയും ചെയ്തു. വിഷയം വിവാദമായതിന് പിന്നാലെ പ്രാര്‍ഥന നടത്താന്‍ വരുന്നവര്‍ക്ക് ഉത്തരവ് ബാധകമല്ലെന്ന് ഭരണസമിതി വ്യക്തമാക്കി. മസ്ജിദിന്റെ മൂന്ന് ഗേറ്റുകളിലും ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 

പള്ളിയുടെ സംസ്‌കാരത്തിന് യോജിച്ചതല്ലാത്ത ചില പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെടുത്തതെന്നാണ് പള്ളി ഭരണസമിതിയുടെ വിശദീകരണം. ജുമാ മസ്ജിദ് ഒരു ആരാധാനാലയമാണ്. അവിടേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. മതത്തിന് അനുയോജ്യമായ രീതിയിലല്ലാത്ത രീതിയില്‍ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഒറ്റ്ക്ക് വരുന്ന പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ഭരണസമിതി പറയുന്നു.

പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി പെണ്‍കുട്ടികള്‍ എത്തുന്നതിന് നിരോധനമില്ല. ഇന്ന് ഇരുപത്തിയഞ്ചോളം പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനവദിച്ചതായി ഇമാം ബുഖാരി പറഞ്ഞു. അതേസമയം പള്ളിയുടെ നടപടിക്കെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ രംഗത്തെത്തി. ഇത് സ്ത്രീകളുടെ അവകാശലംഘനമാണ്. ജുമാമസ്ജിദില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചത് തെറ്റാണ്. ഒരുപുരുഷന്‍ പ്രാര്‍ഥിക്കുന്നപോലെ ഉള്ള അവകാശം സ്ത്രീകള്‍ക്കും ഉണ്ട്. ഈ രീതിയില്‍ സ്ത്രീകളുടെ പ്രവേശനം നിരോധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ കാലഘട്ടത്തിലെ സ്മാരകം കാണാന്‍ ദിനം പ്രതി ആയിരക്കണക്കിന് തീര്‍ഥാടകരും വിനോദസഞ്ചാരികളമാണ് എത്തുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ ജനസംഘ കാലം മുതലുള്ള വാഗ്ദാനം; ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്.