ട്രാക്കില്‍ മരംവീണു, ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞത് പോലും ഓര്‍ക്കാതെ ചുവന്ന തുണിയുമായി ഓടി; വന്‍ ദുരന്തം ഒഴിവാക്കി 70കാരി, അഭിനന്ദനപ്രവാഹം 

 70കാരിയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി
ചുവന്ന തുണി വീശി ട്രെയിനിന് അപകട മുന്നറിയിപ്പ് നല്‍കുന്ന ചന്ദ്രവതിയുടെ ദൃശ്യം, ഫോട്ടോ/ എക്‌സ്പ്രസ്‌
ചുവന്ന തുണി വീശി ട്രെയിനിന് അപകട മുന്നറിയിപ്പ് നല്‍കുന്ന ചന്ദ്രവതിയുടെ ദൃശ്യം, ഫോട്ടോ/ എക്‌സ്പ്രസ്‌

മംഗളൂരു:  70കാരിയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി. ട്രാക്കില്‍ മരം വീണ് കിടക്കുന്നത് കണ്ട് ഓടി വീട്ടില്‍ കയറി ചുവന്ന തുണി എടുത്ത് പുറത്തേയ്ക്ക് വന്ന് വീശിയാണ് 70കാരി ട്രെയിന്‍ അപകടം തടഞ്ഞത്. മംഗളൂരു സ്വദേശി ചന്ദ്രവതിക്ക് സോഷ്യല്‍മീഡിയയില്‍ അടക്കം അഭിനന്ദന പ്രവാഹമാണ്.

മാര്‍ച്ച് 21ന് ഉച്ചയ്ക്ക് 2.10ഓടേയാണ് സംഭവം. മംഗളൂരുവിന് സമീപം ട്രാക്കില്‍ മരം വീണ് കിടക്കുന്നത് കണ്ട് 70കാരി മനസാന്നിധ്യം കൈവിടാതെ പ്രവര്‍ത്തിച്ചത് കൊണ്ടാണ് അപകടം ഒഴിവായത്. ട്രാക്കിന് സമീപമാണ് ചന്ദ്രവതിയുടെ വീട്. 

ട്രാക്കില്‍ മരം വീണ സമയത്ത്, മംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന മത്സ്യഗന്ധ എക്‌സ്പ്രസ് അതിലൂടെ കടന്നുപോകുമെന്ന് ചന്ദ്രവതിക്ക് അറിയാമായിരുന്നു. ഉടന്‍ തന്നെ വീട്ടിലേക്ക് ഓടിയ ചന്ദ്രവതി, ചുവന്ന തുണിയുമായാണ് പുറത്തേയ്ക്ക് വന്നത്. തുടര്‍ന്ന് തുണി വീശി ലോക്കോ പൈലറ്റിന് അപകട മുന്നറിയിപ്പ് നല്‍കുകയായിരുന്നു. 

അപകട മുന്നറിയിപ്പ് കണ്ട് ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗം കുറച്ചു. ട്രാക്കില്‍ മരം വീണ് കിടന്ന സ്ഥലത്തിന് സമീപമാണ് ട്രെയിന്‍ നിന്നത്. ചന്ദ്രവതിയെ റെയില്‍വേ പൊലീസ് ആദരിച്ചു.  മരം വീണ് കിടക്കുന്നത് കണ്ട് വീട്ടിലേക്ക് ഓടിയ സമയത്ത് ഇക്കാര്യം മറ്റുള്ളവരെ അറിയിക്കാനാണ് തനിക്ക് ആദ്യം തോന്നിയതെന്ന് ചന്ദ്രവതി പറയുന്നു. 

ട്രെയിനിന്റെ ഹോണ്‍ ശബ്ദം കേട്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ചുവന്ന തുണിയുമായി പുറത്തേയ്ക്ക് വരികയായിരുന്നു. അടുത്തിടെ, ഹൃദയ ശസ്ത്രക്രിയ നടത്തിയ കാര്യം പോലും ആലോചിക്കാതെയാണ് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ചന്ദ്രവതി ട്രാക്കിലേക്ക് ഓടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com