വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിട്ടും ഗര്‍ഭിണിയായി, ഏഴാമത്തെ കുട്ടിയെ നോക്കാന്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം; 32കാരി കോടതിയില്‍ 

വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിട്ടും വീണ്ടും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ പരാതി നല്‍കി യുവതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെറാഡൂണ്‍:  വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിട്ടും വീണ്ടും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ പരാതി നല്‍കി യുവതി. സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചതായി ആരോപിച്ചും കുട്ടിയെ വളര്‍ത്താന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുമാണ് ഏഴുകുട്ടികളുടെ അമ്മയായ 32കാരി കോടതിയെ സമീപിച്ചത്.

ആറുകുട്ടികളുടെ അമ്മയായിരുന്ന സമയത്താണ് പ്രതിഭാ ദേവി ഉത്തരാഖണ്ഡ് ഹരിദ്വാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഉടന്‍ തന്നെ താന്‍ വീണ്ടും ഗര്‍ഭിണിയായതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കി. ശസ്ത്രക്രിയയിലെ പിഴവ് കൊണ്ടാണ് താന്‍ വീണ്ടും ഗര്‍ഭിണിയായത് എന്ന് ആരോപിച്ചാണ് യുവതി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. ഏഴാമത്തെ കുട്ടിയെ വളര്‍ത്താന്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

2019ലാണ് പ്രതിഭാ ദേവി പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കോടതി മുഖ്യമന്ത്രിയുടെ ഓഫീസിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നോട്ടീസിന് മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് യുവതിക്ക് നാലരലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും കേസിന്റെ ചെലവിനത്തില്‍ 15000 രൂപ അധികമായി നല്‍കാനും കോടതി ഉത്തരവിട്ടു. എന്നാല്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ മറുപടി നല്‍കാന്‍ അവസരം ലഭിച്ചില്ലെന്ന് കാണിച്ച് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സര്‍ക്കാര്‍ സമീപിച്ചു. 

വാദം അവതരിപ്പിക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കണമെന്ന് നിരീക്ഷിച്ച് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ് റദ്ദാക്കി. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച് ഏപ്രില്‍ 28ന് ജില്ലാ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെയുള്ള കക്ഷികളോട് നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com