എലിയുടെ വാലില്‍ കല്ല് കെട്ടിയിട്ട് വെള്ളത്തില്‍ മുക്കിക്കൊന്നു; യുവാവിനെതിരെ കോടതിയില്‍ കുറ്റപത്രം

ഉത്തര്‍പ്രദേശില്‍ വാലില്‍ കല്ല് കെട്ടിയിട്ട് എലിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ യുവാവിനെതിരെ കുറ്റപത്രം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വാലില്‍ കല്ല് കെട്ടിയിട്ട് എലിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ യുവാവിനെതിരെ കുറ്റപത്രം. ഫോറന്‍സിക് റിപ്പോര്‍ട്ട്, ചാനല്‍ വീഡിയോകള്‍ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് 30 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു.

നവംബര്‍ 25നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എലിക്കെതിരെ ക്രൂരത കാണിച്ചു എന്ന പരാതിയില്‍ മനോജ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ വികേന്ദ്ര ശര്‍മ്മയാണ് പരാതി നല്‍കിയത്. വാലില്‍ കല്ല് കെട്ടിയിട്ട ശേഷം അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞ്  മനോജ് കുമാര്‍ എലിയെ കൊന്നു എന്നതാണ് പരാതി. അഴുക്കുചാലില്‍ ഇറങ്ങി എലിയെ രക്ഷിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും വികേന്ദ്ര ശര്‍മ്മയുടെ പരാതിയില്‍ പറയുന്നു.

കേസിന് കൂടുതല്‍ ബലം നല്‍കാന്‍ എലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് എലി ചത്തതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം അനുസരിച്ച് പത്തുരൂപ മുതല്‍ രണ്ടായിരം വരെ പിഴയും മൂന്ന് വര്‍ഷം തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് കുമാര്‍ ശര്‍മ്മ പറഞ്ഞു.

അതേസമയം, എലികളെ കൊല്ലുന്നത് തെറ്റല്ലെന്നും ഇവ ക്ഷുദ്രജീവികളാണെന്നും മനോജ് കുമാറിന്റെ  അച്ഛന്‍ പറഞ്ഞു. മണ്‍പാത്രങ്ങള്‍ ഇവ നശിപ്പിച്ചു. ഇത് മാനസികമായും സാമ്പത്തികമായും മകനെ ബാധിച്ചു. എലിയെ കൊന്നതിന് മകനെ ശിക്ഷിക്കുകയാണെങ്കില്‍ കോഴിയെയും ആടിനെയും കൊല്ലുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com