നാവിക സേനാ കപ്പൽ സുഡാനിൽ; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ‌ സൗദിയിൽ; ​രക്ഷാ ദൗത്യത്തിന് തുടക്കമിട്ട് ഇന്ത്യ

ഇരു സേനാ വിഭാ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം ആരംഭിച്ച് കേന്ദ്രസർക്കാർ.
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി


ന്യൂഡൽഹി: ഇരു സേനാ വിഭാ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം ആരംഭിച്ച് കേന്ദ്രസർക്കാർ. ഇന്ത്യക്കാരെ തിരികെയെത്തിക്കാനായി നാനികസേനയുടെ കപ്പൽ സുഡാൻ തീരത്ത് അടുത്തു. ഐഎൻഎസ് സുമേധയാണ് സുഡാൻ തീരത്ത് എത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വ്യോമസേനയുടെ രണ്ട് സി 130ജെ വിമാനങ്ങൾ സൗദി അറേബ്യയിലെ ജിദ്ദയിൽ എത്തി. 
സു‍ഡാനിൽ നിന്ന് സൗദിയിൽ എത്തിയവരെ ഈ വിമാനമങ്ങളിൽ ഇന്ത്യയിലെത്തിക്കും. 

വിദേശ പൗരൻമാരേയും നയതന്ത്ര ഉദ്യോ​​ഗസ്ഥരെയും ഒഴിപ്പിക്കാൻ സുഡാൻ സൈന്യം അനുമതി നൽകിയതിന് പിന്നാലെയാണ് ഇന്ത്യയും രക്ഷാ ദൗത്യം ആരംഭിച്ചിരിക്കുന്നത്. രക്ഷാ ദൗത്യത്തിന്റെ സു​ഗമമായ നടത്തിപ്പിനായി യുഎന്നുമായും, സൗദി, യുഎഇ, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങളുമായും ചർച്ച പുരോ​ഗമിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞദിവസം, സൗദി അറേബ്യ ഒരു സംഘം ഇന്ത്യാക്കാരെ ജിദ്ദയിൽ എത്തിച്ചിരുന്നു. അമേരിക്കൻ നയതന്ത്ര ഉദ്യോ​ഗസ്ഥരെ യുഎസ് സൈന്യം എയർ ലിഫ്റ്റ് ചെയ്ത് എതോപ്യയിലേക്ക് മാറ്റി. 

വ്യോമാക്രമണം ശക്തമായി തുടരുന്നതിനാൽ, വ്യോമ മാർ​ഗം വഴിയുള്ള രക്ഷാ ദൗത്യം അപകടം പിടിച്ചതാണ് എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. നാവിക സേനയുടെ കപ്പലിൽ ആളുകളെ സൗദിയിൽ എത്തിച്ചതിന് ശേഷം അവിടെനിന്ന് വിമാന മാർ​ഗം നാട്ടിലെത്തിക്കാനാണ് ആലോചന. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com