'എന്തുകൊണ്ടാണ് വനിതാ അത്‌ലറ്റുകളെ വേട്ടക്കാരില്‍ നിന്ന് രക്ഷിക്കാത്തത്?, മന്‍ കി ബാത്തില്‍ മറുപടി പറയൂ'; മോദിയോട് മഹുവ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മന്‍ കി ബാത്തി'ന്റെ നൂറം എപ്പിസോഡിന്റെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി മഹുവ മൊയ്ത്ര
മഹുവ മൊയ്ത്ര/ഫയല്‍
മഹുവ മൊയ്ത്ര/ഫയല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മന്‍ കി ബാത്തി'ന്റെ നൂറം എപ്പിസോഡിന്റെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഗുസ്തി താരങ്ങളുടെ സമരവും അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും  ഉന്നയിച്ചാണ് ചോദ്യം.

'ബഹുമാനപ്പെട്ട മോദിജി, ഇന്ന് മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡാണ്. യുഎന്‍ ആസ്ഥാനത്തും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ദയവായി ഇക്കാര്യങ്ങളും പറയൂ. എന്തുകൊണ്ടാണ് ഇന്ത്യയുടെ വനിതാ അത്ലറ്റുകളെ ശക്തരായ ബിജെപി വേട്ടക്കാരില്‍നിന്ന് സംരക്ഷിക്കാന്‍ കഴിയാത്തത്? 
എന്തുകൊണ്ട് സെബിക്ക് (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) സുപ്രീം കോടതിയുടെ സമയപരിധിക്കുള്ളില്‍ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയില്ല?'-അവര്‍

ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് ഗുസ്തി താരങ്ങളുടെ സമരം തുടരുകയാണ്. അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി സമയം ആവശ്യപ്പെട്ട് സെബി സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. 

കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരമാണ് മന്‍ കി ബാത്തില്‍ പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടിയുടെ നൂറാം എപ്പിസോഡില്‍ പറഞ്ഞു. നിരവധി ബഹുജന പ്രസ്ഥാനങ്ങളെ ജ്വലിപ്പിക്കുന്നതില്‍ മന്‍ കി ബാത്ത് ഒരു ഉത്തേജകമാണ്. വ്യത്യസ്ത മേഖലകളിലെ പ്രതിഭാധനരായ വ്യക്തികളുടെ കഥകള്‍ മന്‍ കി ബാത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക്് ഇന്‍ ഇന്ത്യ, ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ജനങ്ങളുമായി ബന്ധപ്പെടാനുള്ള ഒരു പരിഹാരം കൂടിയായിരുന്നു മന്‍ കി ബാത്ത്. അത് ഒരു പരിപാടി മാത്രമല്ല. തന്നെ സംബന്ധിച്ച് ഒരു ആത്മീയ യാത്ര കൂടിയാണെന്നും മോദി പറഞ്ഞു. 'എന്നെ സംബന്ധിച്ചിടത്തോളം, മന്‍ കി ബാത്ത് രാജ്യത്തെ ജനങ്ങളുടെ ഗുണങ്ങളെ ആരാധിക്കുന്നതാണ്' - പ്രധാനമന്ത്രി മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com