എന്തുകൊണ്ട് മോദി മണിപ്പൂരില്‍ പോകുന്നില്ല?; എന്തുകൊണ്ട് മൗനം തുടരുന്നു?; ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച

മണിപ്പൂര്‍ കത്തുന്നത് ഇന്ത്യ കത്തുന്നതു പോലെയാണ്. മണിപ്പൂരിന് നീതിയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്
​ഗൗരവ് ​ഗൊ​ഗോയ് ലോക്സഭയിൽ സംസാരിക്കുന്നു/ എഎൻഐ
​ഗൗരവ് ​ഗൊ​ഗോയ് ലോക്സഭയിൽ സംസാരിക്കുന്നു/ എഎൻഐ

ന്യൂഡല്‍ഹി: കലാപം രൂക്ഷമായ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ഗൗരവ് ഗൊഗോയ് എംപി. ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരില്‍ സംഘര്‍ഷമുണ്ടായി 80 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി വിഷയത്തില്‍ മൗനം വെടിഞ്ഞത്. അതും 30 സെക്കന്‍ഡ് മാത്രം.

ക്രമസമാധാന നില ഇത്രയേറെ വഷളായിട്ടും എന്തുകൊണ്ടാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയെ നരേന്ദ്രമോദി പുറത്താക്കാത്തതെന്നും ഗൊഗോയ് ചോദിച്ചു. വിഷയത്തില്‍ പാര്‍ലമെന്റില്‍ മോദി മൗനവ്രതം തുടരുകയാണ്. അതാണ് പ്രതിപക്ഷത്തെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കിയത്. അവിശ്വാസ പ്രമേയത്തില്‍ സഭയിലെ അംഗബലത്തെപ്പറ്റി പ്രതിപക്ഷത്തിന് വേവലാതിയില്ല.

പകരം മണിപ്പൂരിന് നീതിയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. സര്‍ക്കാരിനെതിരെ സഭയുടെ അവിശ്വാസം അറിയിക്കുകയാണ് പ്രമേയത്തിലൂടെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ ആഗ്രഹിക്കുന്നത്. ഇരട്ട എഞ്ചിന്‍ സര്‍ക്കാരാണ് ബിജെപിയുടേതെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ പൂര്‍ണ പരാജയമായി മാറിയിരിക്കുകയാണ്. 

മണിപ്പൂര്‍ കത്തുകയാണ്. കലാപത്തില്‍ 150 പേരാണ് കൊല്ലപ്പെട്ടത്. 5000 ഓളം വീടുകള്‍ അഗ്നിക്കിരയായി.  60,000 ഓളം പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നു. 6500 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മണിപ്പൂരില്‍ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ല. സമാധാനാന്തരീക്ഷം സൃഷ്ടിക്കേണ്ട മുഖ്യമന്ത്രി ബിരേന്‍ സിങ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. 

മണിപ്പൂര്‍ കത്തുന്നത് ഇന്ത്യ കത്തുന്നതു പോലെയാണ്. നിര്‍ണായക സമയങ്ങളിലെല്ലാം മോദി മൗനം തുടരുകയാണ്. പ്രധാനമന്ത്രി പ്രതിനിധി സംഘത്തിനൊപ്പം മണിപ്പൂരില്‍ സന്ദര്‍ശനം നടത്തണം.  പാര്‍ലമെന്റ് മണിപ്പൂരിലെ ജനതയുടെ വേദനക്കൊപ്പം നില്‍ക്കണമെന്നും ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു. മണിപ്പൂര്‍ വിഷയത്തില്‍ രണ്ടു ദിവസത്തെ ചര്‍ച്ചയാണ് അനുവദിച്ചിട്ടുള്ളത്. വ്യാഴാഴ്ച പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് മറുപടി പറയും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com