അവിശ്വാസ പ്രമേയത്തില്‍ ലോക്‌സഭയില്‍ ഇന്നും ചര്‍ച്ച തുടരും; അമിത് ഷാ പ്രസംഗിച്ചേക്കും

അവിശ്വാസ പ്രമേയ ചര്‍ച്ചയിന്മേല്‍ പ്രധാനമന്ത്രി നാളെ മറുപടി പറയും
അമിത് ഷാ/ പിടിഐ ചിത്രം
അമിത് ഷാ/ പിടിഐ ചിത്രം

ന്യൂഡല്‍ഹി:  കേന്ദ്രസര്‍ക്കാരിനെതിരെ  പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന്മേല്‍ ലോക്‌സഭയില്‍ ഇന്നും ചര്‍ച്ച തുടരും. ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പ്രസംഗിച്ചേക്കും. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അമിത് ഷാ വിവരിച്ചേക്കും. 

അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ ആദ്യ ദിനമായ ഇന്നലെ ലോക്‌സഭയില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്വന്തം പ്രതിഛായ വര്‍ധിപ്പിക്കാന്‍ ലോകം ചുറ്റുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ ഒരു സംസ്ഥാനം കത്തിയെരിയുമ്പോള്‍ മിണ്ടാട്ടം മുട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പ്രധാനമന്ത്രിക്ക് മൗനമാണെന്ന് മണിപ്പുര്‍ കലാപത്തെച്ചൊല്ലി അവിശ്വാസപ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസിന്റെ ഗൗരവ് ഗൊഗോയ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരില്‍ പോകാത്തത് എന്തെന്നും, ഗുജറാത്തിലും ഉത്തരാഖണ്ഡിലും ത്രിപുരയിലും മുഖ്യമന്ത്രിമാരെ മാറ്റിയ ബിജെപി, മണിപ്പുര്‍ മുഖ്യമന്ത്രിയെ മാറ്റാത്തതെന്തു കൊണ്ടെന്നും ഗൊഗോയ് ചോദിച്ചു. 

രാഹുല്‍ഗാന്ധി ഇന്നലെ ലോക്‌സഭയില്‍ പ്രസംഗിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നെങ്കിലും സംസാരിച്ചില്ല. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്നലെ സഭയില്‍ ഹാജരായിരുന്നു. 'രാഹുല്‍ ഗാന്ധി സംസാരിക്കുമെന്ന് സ്പീക്കര്‍ക്ക് എഴുതിക്കൊടുത്തിട്ട് ആളെ മാറ്റിയതെന്താണ്?' എന്ന കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ ചോദ്യം ബഹളത്തിനിടയാക്കി. 

പ്രധാനമന്ത്രി സഭയിലുള്ളപ്പോള്‍ സംസാരിക്കാനാണ് രാഹുല്‍ ഗാന്ധി താല്‍പ്പര്യപ്പെടുന്നത്. അതുകൊണ്ടാണ് പ്രസംഗം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിശ്വാസ പ്രമേയം കൊണ്ടുവന്നതില്‍ പ്രതിപക്ഷം ഖേദിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു.  അവിശ്വാസ പ്രമേയ ചര്‍ച്ചയിന്മേല്‍ പ്രധാനമന്ത്രി നാളെ മറുപടി പറയും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com