'അടുത്ത കൊല്ലം മോദി വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തും; പ്രധാനമന്ത്രിയുടെ പ്രസ്താവന ധാര്‍ഷ്ട്യം'

അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുമോ ഇല്ലയോ എന്നത് ജനങ്ങളാണ്, വോട്ടര്‍മാരാണ് തീരുമാനിക്കുന്നത്
മല്ലികാര്‍ജുന്‍ ഖാര്‍ഗെ/ പിടിഐ
മല്ലികാര്‍ജുന്‍ ഖാര്‍ഗെ/ പിടിഐ

ന്യൂഡല്‍ഹി: അടുത്തവര്‍ഷം ഓഗസ്റ്റ് 15 ന് നരേന്ദ്രമോദി വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അടുത്ത തവണയും ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന മോദിയുടെ പ്രസ്താവന ധാര്‍ഷ്ട്യമാണ്. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന, നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് മറുപടിയായാണ് ഖാര്‍ഗെയുടെ പ്രതികരണം. 

നരേന്ദ്രമോദി അടുത്ത വര്‍ഷം ഓഗസ്റ്റ് 15 നും ദേശീയ പതാക ഉയര്‍ത്തും. എന്നാല്‍ അത് വീട്ടിലായിരിക്കുമെന്നു മാത്രം. അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുമോ ഇല്ലയോ എന്നത് ജനങ്ങളാണ്, വോട്ടര്‍മാരാണ് തീരുമാനിക്കുന്നത്. താന്‍ അടുത്ത തവണയും ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുമെന്നു പറയുന്നത് തികഞ്ഞ ധാര്‍ഷ്ട്യമാണ്. 

ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും വെല്ലുവിളി നേരിടുകയാണ്. സിബിഐ, ഇഡി, ആദായ നികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ക്കു നേരെ ഇതിനെ ഉപയോഗിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെയും ദുര്‍ബലപ്പെടുത്തുകയാണ്. പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. 

ബിജെപി സർക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണി പറയാന്‍ ചെങ്കോട്ടയില്‍ അടുത്ത വര്‍ഷവും എത്തുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസം​ഗത്തിൽ പറഞ്ഞത്.  അടുത്ത വര്‍ഷം രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 2019-ല്‍ നിങ്ങള്‍ എന്നെ ഒരിക്കല്‍ കൂടി അനുഗ്രഹിച്ചു. അഭൂതപൂര്‍വമായ വികസനത്തിനാണ് അടുത്ത അഞ്ച് വര്‍ഷം ലക്ഷ്യമിടുന്നത്‌. 

2047 എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഏറ്റവും വലിയ സുവര്‍ണ്ണ നിമിഷം വരുന്ന അഞ്ച് വര്‍ഷമാണ്. അടുത്ത തവണ, ഓഗസ്റ്റ് 15 ന്, ഈ ചെങ്കോട്ടയില്‍ നിന്ന് ഞാന്‍ രാജ്യത്തിന്റെ നേട്ടങ്ങളും വികസനങ്ങളും നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. പ്രധാനമന്ത്രി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറുമെന്നത് മോദിയുടെ ഉറപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com