വിവാഹ ബന്ധത്തിനു പുറത്തെ ഗര്‍ഭ ധാരണം സ്ത്രീക്കു ഹാനികരം, നീണ്ടു നില്‍ക്കുന്ന പീഡാനുഭവം: സുപ്രീം കോടതി

ലൈംഗിക അതിക്രമം തന്നെ സ്ത്രീയെ സംബന്ധിച്ച് നീണ്ടു നില്‍ക്കുന്ന പീഡാനുഭവമാണ്. അതിലൂടെ ഗര്‍ഭിണിയാവുക കൂടി ചെയ്താല്‍ അതിന്റെ വ്യാപ്തി വര്‍ധിക്കും
സുപ്രിം കോടതി/ഫയല്‍
സുപ്രിം കോടതി/ഫയല്‍

ന്യൂഡല്‍ഹി: വിവാഹ ബന്ധത്തിലെ ഗര്‍ഭ ധാരണം ആഘോഷവും സന്തോഷവുമാവുന്ന ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹ ബന്ധത്തിനു പുറത്തെ ഗര്‍ഭധാരണം സ്ത്രീകളെ സംബന്ധിച്ച് ഹാനികരമെന്ന് സുപ്രീം കോടതി. ലൈംഗിക അതിക്രമത്തിലൂടെയാണ് ഗര്‍ഭധാരണമെങ്കില്‍ സ്ത്രീകളുടെ പീഡാനുഭവം വീണ്ടും അധികരിക്കുമെന്ന് കോടതി നിരീക്ഷിച്ചു. 

ഇരുപത്തിയേഴ് ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി, ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ലൈംഗിക അതിക്രമം തന്നെ സ്ത്രീയെ സംബന്ധിച്ച് നീണ്ടു നില്‍ക്കുന്ന പീഡാനുഭവമാണ്. അതിലൂടെ ഗര്‍ഭിണിയാവുക കൂടി ചെയ്താല്‍ അതിന്റെ വ്യാപ്തി വര്‍ധിക്കും. സ്വമനസ്സാലെയല്ലാതെ ഗര്‍ഭിണിയാവുന്നത് ദുരിതാവസ്ഥയാണെന്ന് ജസ്റ്റിസുമാരായ ബിവി നാഗരത്‌നയും ഉജ്വല്‍ ഭൂയാനും പറഞ്ഞു. ഈ സാഹചര്യത്തില്‍ ഗര്‍ഭം അലസിപ്പിക്കാനുള്ള പെണ്‍കുട്ടിയുടെ ആവശ്യം അംഗീകരിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.

ഗര്‍ഭഛിദ്രം നടത്തുന്നത് പെണ്‍കുട്ടിയുടെ ആരോഗ്യത്തിനു ഭീഷണിയല്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. ഗര്‍ഭഛിദ്രത്തിനായി നാളെ ആശുപത്രിയില്‍ ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചു. ഗര്‍ഭസ്ഥ ശിശുവിനെ ജീവനോടെ പുറത്തെടുക്കാനാവുന്ന പക്ഷം ഇന്‍കുബേഷന്‍ കേന്ദ്രത്തിലേക്കു മാറ്റണം. ഈ കുഞ്ഞിനെ സര്‍ക്കാര്‍ ദത്തെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി നല്‍കിയ ഹര്‍ജി തള്ളിയ ഗുജറാത്ത് ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്താണ് പെണ്‍കുട്ടി സുപ്രീം കോടതിയില്‍ എത്തിയത്. കഴിഞ്ഞ ശനിയാഴ്ച അസാധാരണ സിറ്റിങ് നടത്തി ഹര്‍ജി പരിഗണിച്ച, ജസ്‌റഌസ് ബിവി നാഗരത്‌നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹൈക്കോടതി നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അടിയന്തര പ്രാധാന്യമുള്ള ഹര്‍ജി ഹൈക്കോടതി കാര്യമൊന്നുമില്ലാതെ നീട്ടിവച്ചെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.

മെഡിക്കല്‍ ബോര്‍ഡിനോടു പുതിയ റിപ്പോര്‍ട്ട് തേടിയ സുപ്രീം കോടതി ഇന്ന് ആദ്യ കേസായി ഇതു പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇന്നു രാവിലെ കോടതി ചേര്‍ന്നപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ എത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ കേസ് മാറ്റിവയ്ക്കാന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ആദ്യ കേസായി ഇത് പരിഗണിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് അറിയിച്ച ബെഞ്ച് വിസമ്മതിച്ചു.

ഇതിനിടെ ഗുജറാത്ത് ഹൈക്കോടതി ശനിയാഴ്ച പുറത്തിറക്കിയ വിശദീകരണം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രൂക്ഷമായ വിമര്‍ശനമാണ് ബെഞ്ച് നടത്തിയത്. സുപ്രീം കോടതിയുടെ നടപടിയോട് ഹൈക്കോടതിക്ക് എങ്ങനയാണ് ഇത്തരത്തില്‍ പ്രതികരിക്കാനാവുകയെന്ന് ബെഞ്ച് ചോദിച്ചു. ഒരു കോടതിയും സുപ്രീം കോടതിക്കു മുകളിലല്ല. ഹൈക്കോടതി സ്വമേധയാ എങ്ങനെയാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുകയെന്നും ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു.

തുടര്‍ന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വായിച്ച സുപ്രീം കോടതി ഹര്‍ജി അനുവദിച്ച് ഉത്തരവിടുകയായിരുന്നു. സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഹൈക്കോടതിക്കെതിരായ പരാമര്‍ശങ്ങള്‍ ബെഞ്ച് വിധിന്യായത്തില്‍ ഒഴിവാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com